X

തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനെ സന്ദര്‍ശിച്ചു; ജര്‍മ്മന്‍ ഫുട്‌ബോള്‍ താരത്തിനെതിരെ ആരാധകരുടെ കടുത്ത പ്രതിഷേധം

ബെര്‍ലിന്‍: തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ സന്ദര്‍ശച്ചതിന് ജര്‍മ്മന്‍ ഫുട്‌ബോള്‍ താരത്തിനുനേരെ പ്രതിഷേധം. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം ഇല്‍കെ ഗുണ്ടോഗനാണ് കാണികളുടെ പ്രതിഷേധത്തിന് ഇരയായത്. ലോകകപ്പിനു മുന്നോടിയായുള്ള ജര്‍മ്മനിയുടെ അവസാന സന്നാഹ മത്സരത്തില്‍ സഊദി അറ്യേബക്കെതിരെ പകരനായി ഇറങ്ങിയ ഗുഡോഗണെ കൂക്കിയാണ് ആരാധകര്‍ വരവേറ്റത്. പിന്നീട് പന്തു തൊടുമ്പോഴെല്ലാം കാണികള്‍ താരത്തെ കൂക്കി വിളിക്കുകയായിരുന്നു.

തുര്‍ക്കിഷ് വംശജരായ മെസൂദ് ഓസിലും ഗുണ്ടോഗനും ആഴ്ചകള്‍ക്കു മുമ്പ്് തുര്‍ക്കിഷ് പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാനെ സന്ദര്‍ശിച്ചതാണ് ജര്‍മന്‍ കാണികളുടെ രോഷത്തിനിടയാക്കിയത്. പരിക്കു മൂലം ഓസില്‍ മത്സരത്തിനിറങ്ങാത്തതു കാരണം കാണികളുടെ പ്രതിഷേധത്തിനിരയാവേണ്ടി വന്നില്ല. ആസ്ട്രിയക്കെതിരെ ജര്‍മ്മനി തോറ്റ മത്സരത്തിലും കാണികള്‍ താരത്തിനെ കൂക്കി വിളിച്ചിരുന്നു.

 

താരത്തെ കൂക്കിവിളിച്ചതിനെതിരെ കടുത്ത വിമര്‍ശനമാണ് ജര്‍മന്‍ പരിശീലകന്‍ ജോക്വിം ലോ ഉയര്‍ത്തിയത്. ഗുണ്ടോഗന്‍ ജര്‍മ്മനിക്കു വേണ്ടിയാണു കളിക്കുന്നതെന്നും അതു ആരാധകര്‍ മനസിലാക്കണമെന്നും ജര്‍മന്‍ പരിശീലകന്‍ പറഞ്ഞു. ഇത്തരത്തില്‍ താരങ്ങളെ കൂക്കി വിളിക്കുന്നത് ഒരു തരത്തിലും ഗുണകരമല്ലെന്നും അതു താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാനേ ഉപകാരപ്പെടുവെന്നും ലോ കൂട്ടിച്ചേര്‍ത്തു. കളി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ചെങ്കിലും മത്സരത്തില്‍ മികച്ച ഒന്നു രണ്ടവസരങ്ങള്‍ ഗുണ്ടോഗന്‍ നഷ്ടപ്പെടുത്തി . കഴിഞ്ഞ ആറു സൗഹൃദ മത്സരങ്ങള്‍ളില്‍ നിലവിലെ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ ആദ്യ ജയമാണ് സഊദിക്കെതിരെ.

ശക്തമായ പ്രകടനമാണ് ജര്‍മ്മനിക്കെതിരെ സഊദി പുറത്തെടുത്തത്. ജര്‍മ്മനിയുടെ പലയുറച്ച ഗോളുകളും സഊദി വലകാത്ത അബ്ദുല്ല അല്‍ മയൂഫിന് മുന്നില്‍ നിഷ്പ്രഭമായി. മയൂഫിന് ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാനു കീഴില്‍ പരിശീലനം ലഭിച്ചിരുന്നു.പല മികച്ച അവസരങ്ങള്‍ മുന്നേറ്റനിര മുതലാക്കാത്തതും സഊദിക്ക് തിരിച്ചടിയായി. വെര്‍ണര്‍ ജര്‍മനിക്കായി ഗോള്‍ നേടിയപ്പോള്‍ ഒത്ത്മാന്റെ സെല്‍ഫ് ഗോളാണ് വിജയം നേടാന്‍ സഹായിച്ചത്. പെനാല്‍ട്ടി റീബൗണ്ടിലൂടെ തൈസീറാണ് സഊദിയുടെ ഗോള്‍ മടക്കി. സൗദി ഗോള്‍കീപ്പര്‍ മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ച വെച്ചത്

chandrika: