സോചി: പരിചയ സമ്പന്നരും സൂപ്പര്‍ താരങ്ങളുമില്ലാതെയെത്തിയ ജര്‍മനി ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍. കരുത്തരായ മെക്സിക്കോയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്താണ് ലോക ചാമ്പ്യന്മാര്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ജര്‍മനിക്കു വേണ്ടി ലിയോണ്‍ ഗോരറ്റ്സ്‌ക രണ്ടുതവണയും ടിമോ വെര്‍നര്‍, അമീന്‍ യൂനുസ് എന്നിവര്‍ ഓരോന്നു വീതവും ഗോളടിച്ചപ്പോള്‍ മെക്‌സിക്കോയുടെ മറുപടി മാര്‍ക്കോ ഫാബിയന്റെ ലോങ് റേഞ്ചറിലൊതുങ്ങി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനി ചിലിയെ നേരിടും.
ആറാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്നു തുടങ്ങിയ ആക്രമണത്തിനൊടുവിലാണ് ജര്‍മനി മുന്നിലെത്തിയത്. വലതു വിംഗില്‍ നിന്ന് ഹെന്‍ റിക്‌സ് നല്‍കിയ പാസ് നിന്ന് ബോക്സിനു പുറത്തുനിന്ന് ഫസ്റ്റ് ടൈം ഫിനിഷിലൂടെ ഗോരറ്റ്സ്‌ക വലയിലെത്തിച്ചു. രണ്ട് മിനുട്ടുകൂടി പിന്നിടും മുമ്പ് ജര്‍മന്‍ ഗോരറ്റ്‌സ്‌ക തന്നെ ലീഡുയര്‍ത്തി. ടിമോ വെര്‍നറുടെ ത്രൂപാസ് ബോക്സില്‍ സ്വീകരിച്ച ഗോരറ്റ്സ്‌ക മുന്നോട്ടുകയറിയ ഗോള്‍കീപ്പര്‍ ഒച്ചോവക്ക് അവസരം നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
രണ്ട് ഗോള്‍ ലീഡോടെ ആദ്യപകുതിക്ക് പിരിഞ്ഞ ജര്‍മനി 59-ാം മിനുട്ടില്‍ മൂന്നാമത്തെ ഗോളും നേടി. പ്രതിരോധം കീറിമുറിച്ച പാസുകള്‍ക്കൊടുവില്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച് ഹെക്ടര്‍ നല്‍കിയ പന്ത് വെര്‍നല്‍ വലയിലേക്കു തട്ടി. 89ാം മിനുട്ടില്‍ ഫ്രീകിക്കിനെ തുടര്‍ന്നുള്ള ലോങ് റേഞ്ചറിലൂടെ ഫാബിയന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും ഇഞ്ചുറി ടൈമില്‍ എംറെ കാന്റെ പാസില്‍ നിന്ന് അമീന്‍ യൂനുസ് പട്ടിക പൂര്‍ത്തിയാക്കി.