X
    Categories: indiaNews

ചൈനയ്‌ക്കെതിരെ മസിലു കാട്ടി ജര്‍മനി; ഇന്ത്യന്‍ സമുദ്രത്തിലേക്ക് പടക്കപ്പല്‍

ബെര്‍ലിന്‍: അപ്രതീക്ഷിത ചൈനാ വിരുദ്ധ നീക്കം പ്രഖ്യാപിച്ച് ജര്‍മനി. ചൈനയുടെ സ്വാധീനം കുറയ്ക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പടക്കപ്പല്‍ അയക്കുമെന്ന് പ്രതിരോധ മന്ത്രി അന്നഗ്രെറ്റ് ക്രാംപ് കാരന്‍ബോയര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിന്‍ഗ്ലയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബെര്‍ലിന്റെ പ്രഖ്യാപനം.

അടുത്ത വര്‍ഷം മുതലാണ് ഇന്‍ഡോ-പസഫിക് മേഖലയില്‍ ജര്‍മന്‍ നാവിക സേനയുടെ സാന്നിധ്യമുണ്ടാകുക. അന്താരാഷ്ട്ര നിയമങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ പ്രഖ്യാപനമെന്ന് അന്നഗ്രെറ്റ് വ്യക്തമാക്കി. ഇന്ത്യ, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പടര്‍ന്നു കിടക്കുന്ന സമുദ്ര മേഖലയിലാണ് ജര്‍മന്‍ പടക്കപ്പല്‍ നങ്കൂരമിടുക.

2021ല്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ പണം ചെലവിടുമെന്ന് അവര്‍ പറഞ്ഞു. കോവിഡ് മഹാമാരി ബജറ്റിനെ ബാധിച്ചെങ്കിലും ഇതിനായി പണം കണ്ടെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദക്ഷിണ ചൈനാ കടലിലെ നാവികാഭ്യാസങ്ങളില്‍ യുദ്ധക്കപ്പല്‍ ഇടപെടുമോ എന്നതില്‍ മന്ത്രി വ്യക്തത നല്‍കിയില്ല. ചൈന അവകാശ വാദം ഉന്നയിക്കുന്ന സമുദ്ര മേഖലയാണിത്.

ലഡാകിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സാന്നിധ്യം ഇന്ത്യ വര്‍ദ്ധിപ്പിച്ചിരുന്നു.

Test User: