X

കഴിഞ്ഞ ലോകകപ്പിന്റെ ക്ഷീണം മാറ്റാന്‍ ജര്‍മനി ഇന്ന് കളത്തില്‍

ഖലീഫാ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇന്ന് ജര്‍മനി ഇറങ്ങുന്നുണ്ട്. റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായവര്‍ എന്ന അപഖ്യാതി അകറ്റാനും മുഖ്യധാരയില്‍ എത്താനുമുള്ള ശ്രമത്തിലെ ആദ്യ പ്രതിയോഗികള്‍ ഉദയസൂര്യന്റെ നാട്ടുകാരായ ജപ്പാന്‍. സ്‌പെയിന്‍ കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ യില്‍ നിന്ന് നോക്കൗട്ട് യോഗ്യത ഉറപ്പാക്കാന്‍ ജര്‍മനിക്ക് മാത്രമല്ല ജപ്പാനും ജയിക്കണം.

നാല് തവണ ലോകകപ്പ് സ്വന്തമാക്കിയവര്‍. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിന് ശേഷം നടന്ന അഞ്ച് ലോകകപ്പുകളില്‍ നാല് തവണയും സെമി ഫൈനല്‍ കളിച്ചവര്‍. എന്നാല്‍ മെക്‌സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ റഷ്യന്‍ അനുഭവത്തിന് ശേഷം ജോക്വിം ലോ എന്ന കോച്ചിന് പകരം ഹാന്‍സെ ഫല്‍കെ എന്ന പരിശീലകന്‍ വരുന്നു. കാര്യങ്ങള്‍ മാറുന്നു. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ 36 ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നു. ആതിഥേയരായ ഖത്തറിന് ശേഷം ഈ ലോകകപ്പില്‍ യോഗ്യത ഉറപ്പാക്കിയ ആദ്യ ടീം കൂടിയായിരുന്നു അവര്‍. ഇത്തവണ കിരീടം നേടാനുള്ള കരുത്ത് ജര്‍മന്‍ സംഘത്തിനുണ്ടെന്നാണ് 19 കാരനായ യുവ സെ്രെടക്കര്‍ ജമാല്‍ മുസിയാല പറയുന്നത്. ബുണ്ടസ് ലീഗില്‍ ബയേണ്‍ മ്യുണികിനായി കളിക്കുന്ന മുസിയാല ഇതിനകം ഒമ്പത് ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ജപ്പാന് ലോകകപ്പില്‍ വലിയ ചരിത്രം പറയാനില്ല. 2002 ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. അവസാന ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ കൊളംബിയക്കാരെ മറിച്ചിട്ടതായിരുന്നു വലിയ സംഭവം. തുടര്‍ച്ചയായി ഏഴാമത് ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കുന്ന സമുറായിസിന് ജര്‍മനി, സ്‌പെയിന്‍ എന്നിവരെ മറികടന്ന് ഗ്രൂപ്പില്‍ നിന്ന് മുന്നേറുക എന്നത് എളുപ്പമുള്ള ജോലിയായിരിക്കില്ല. ഫ്രഞ്ച് ലീഗില്‍ മൊണോക്കോക്കായി കളിക്കുന്ന തകുമി മിനാമിനോയാണ് ടീമിലെ കരുത്തന്‍.

Test User: