സോചി: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ യുവതാരങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ജര്‍മനിക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളിന് ഓസ്‌ട്രേലിയയെയാണ് ജോക്കിം ലോയുടെ സംഘം വീഴ്ത്തിയത്. ലാര്‍സ് സ്റ്റിന്‍ഡില്‍, ജുലിയന്‍ ഡ്രാക്സ്ലര്‍, ലിയോണ്‍ ഗോരെറ്റ്‌സ്‌ക എന്നിവര്‍ ജര്‍മനിയുടെ ഗോളുകള്‍ നേടിയപ്പോള്‍ ടോം റോജിക്, ടോമി ജൂറിച്ച് എന്നിവരിലൂടെയായിരുന്നു ഓസ്‌ട്രേലിയയുടെ മറുപടി.
പ്രധാന താരങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങിയതെങ്കിലും കളിയുടെ തുടക്കം മുതല്‍ ആധിപത്യം ജര്‍മനിക്കായിരുന്നു. അഞ്ചാം മിനുട്ടില്‍ തന്നെ അവര്‍ മുന്നിലെത്തുകയും ചെയ്തു. വലതുവിംഗില്‍ നിന്നുള്ള ബ്രാന്‍ഡ്റ്റിന്റെ ക്രോസില്‍ നിന്ന് സ്റ്റിന്‍ഡില്‍ അനായാസം ലക്ഷ്യം കാണുകയായിരുന്നു. 41-ാം മിനുട്ടില്‍ ബോക്‌സിന്റെ വരയില്‍ നിന്നുള്ള ഹാഫ് വോളിയിലൂടെ റോജിക് മഞ്ഞപ്പടയെ ഒപ്പമെത്തിച്ചു. പക്ഷേ, മൂന്ന് മിനുട്ടിനകം ലോക ചാമ്പ്യന്മാര്‍ വീണ്ടും മുന്നിലെത്തി. ഗോരറ്റ്‌സ്‌കയെ ഫൗള്‍ ചെയ്തതിന് ഓസ്‌ട്രേലിയ പെനാല്‍ട്ടി വഴങ്ങിയപ്പോള്‍ ഡ്രാക്സ്ലര്‍ നിഷ്പ്രയാസം ലക്ഷ്യം കണ്ടു.
48-ാം മിനുട്ടില്‍ ജോഷ്വ കിമ്മിഷിന്റെ മനോഹര പാസ് ലക്ഷ്യത്തിലെത്തിച്ച് ഗോരറ്റ്‌സ്‌ക ജര്‍മനിയുടെ ലീഡുയര്‍ത്തി. പൊരുതിക്കളിച്ച ഓസ്‌ട്രേലിയ 56-ാം മിനുട്ടില്‍ ഒരു ഗോള്‍ കൂടി മടക്കി. ജര്‍മന്‍ കീപ്പര്‍ ലെനോയുടെ കയ്യില്‍ തട്ടി മടങ്ങിയ പന്ത് ടോമി ജൂറിച്ച് വലയിലേക്ക് തട്ടുകയായിരുന്നു. ഗോളിലേക്കുള്ള വഴിയില്‍ പന്ത് ഓസീ താരം ജൂറിച്ചിന്റെ കയ്യില്‍ തട്ടിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ തീരുമാനത്തോടെ ഗോള്‍ അനുവദിക്കുകയായിരുന്നു. 74-ാം മിനുട്ടില്‍ വാഗ്നര്‍ ജര്‍മനിയുടെ ലീഡുയര്‍ത്തിയെന്ന് തോന്നിച്ചെങ്കിലും പന്ത് പോസ്റ്റില്‍ തട്ടി മടങ്ങി.