ബെര്‍ലിന്‍: കോവിഡ് ഭയന്ന സാമൂഹിക അകലം പാലിച്ച് കളിച്ച ജര്‍മന്‍ ടീം എസ്.ജി റിപ്‌ഡോര്‍ഫ് തോറ്റത് 37 ഗോളിന്. എസ്.വി ഹോള്‍ഡെന്‍സ്‌റ്റെഡിനെതിരെയായിരുന്നു മുന്നേറ്റം തടയാതെ നോക്കിനിന്ന് തോല്‍വി വഴങ്ങിയത്.
അമെച്വര്‍ ലീഗില്‍ ഡെല്‍സ്‌റ്റോഫിനെതിരെ ആയിരുന്നു ഹോള്‍ഡെന്‍സ്റ്റഡിന്റെ കഴിഞ്ഞ മത്സരം. ഈ മത്സത്തില്‍ കളിച്ച ഡെല്‍സ്‌റ്റോഫിന്റെ ഒരു താരത്തിന് കോവിഡ് ഉണ്ടായിരുന്നു. ഈ താരവുമായി ഹോള്‍ഡെന്‍സ്റ്റഡിന്റെ ടീം സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. പിന്നീട് റിപ്‌ഡോര്‍ഫിനെതിരായ മത്സരത്തിന് മുമ്പ് ഹോള്‍ഡെന്‍സ്റ്റഡ് ടീമംഗങ്ങളെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരായി. എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ ഈ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഹോള്‍ഡെന്‍സ്റ്റഡ് ടീമിനെതിരേ കളിക്കാന്‍ റിപ്‌ഡോര്‍ഫ് തയ്യാറല്ലായിരുന്നു. ഹോള്‍ഡെന്‍സ്റ്റ്ഡ് താരങ്ങള്‍ കോവിഡ് പോസിറ്റീവായ താരവുമായി സമ്പര്‍ക്കമുണ്ടായതിന് ശേഷം 14 ദിവസം പിന്നിട്ടിട്ടില്ല എന്നതായിരുന്നു റിപ്‌ഡോര്‍ഫിന്റെ വാദം. മത്സരം നീട്ടിവെയ്ക്കാനും റിപ്‌ഡോര്‍ഫ് ആവശ്യമുന്നയിച്ചു. എന്നാല്‍ ലോക്കല്‍ അസോസിയേഷന്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ഇതോടെ റിപ്‌ഡോര്‍ഫ് കളിക്കാന്‍ നിര്‍ബന്ധിതരായി. മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പിഴ അടക്കേണ്ടി വരും എന്നതും റിപ്‌ഡോര്‍ഫിനെ ഗ്രൗണ്ടിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കി. മത്സരത്തിനിടെ റിപ്‌ഡോര്‍ഫ് താരങ്ങളെല്ലാം പേടിച്ച് ഹോള്‍ഡെന്‍സ്റ്റഡ് താരങ്ങളില്‍ നിന്ന് അകലം പാലിച്ചതോടെ ഗോളുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു. ഒടുവില്‍ റിപ്‌ഡോര്‍ഫ് 37 ഗോളുകള്‍ക്ക് തോറ്റു.