ബെര്‍ലിന്‍: ഇസ്രാഈല്‍ വംശീയ വിവേചന (അപാര്‍ത്തിഡ്) രാഷ്ട്രമാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍. ജര്‍മനിയില്‍ മുസ്ലിംകള്‍ നേരിടുന്ന വംശീയതയെപ്പറ്റി മുസ്ലിം പ്രതിനിധികളുമായി സംസാരിക്കവെയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവും മുന്‍ വൈസ് ചാന്‍സ്ലറുമായ ഗബ്രിയേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഹെബ്രോണ്‍ സന്ദര്‍ശിച്ചപ്പോള്‍, ഇസ്രാഈല്‍ അപാര്‍ത്തിഡ് രാഷ്ട്രമാണെന്ന് തനിക്ക് ബോധ്യപ്പെട്ടതായും അവിടെ ഫലസ്തീനികളെ ഇസ്രാഈല്‍ നിയമപരമായി തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും ഇത് നീതീകരിക്കാന്‍ കഴിയില്ലെന്നും ഗബ്രിയേല്‍ പറഞ്ഞു. ‘സെമിറ്റിക് വിരുദ്ധതക്കെതിരായ ക്രൂസ്ബര്‍ഗ് ഇനിഷ്യേറ്റീവ്’ എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിലായിരുന്നു മന്ത്രിയുടെ ഇസ്രാഈല്‍ വിമര്‍ശനം.
2012-ല്‍ പ്രതിപക്ഷത്തായിരിക്കെ ഇസ്രാഈല്‍ സന്ദര്‍ശിച്ച ഗബ്രിയേല്‍, ഫേസ്ബുക്കില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫലസ്തീനികളുടെ ഭൂമി കയ്യേറുന്ന ഇസ്രാഈല്‍ നടപടി തെറ്റാണെന്നും ഫലസ്തീനികളുടെ ജീവിതം ദുരിതപൂര്‍ണമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കിയത് ഇസ്രാഈലിന്റെ കടുത്ത അതൃപ്തിക്കിടയാക്കി.