X

ഇന്ത്യക്ക് നാളെ ജർമൻ പരീക്ഷ

പാരീസ്:ഓർമയില്ലേ, മുന്ന് വർഷം മുമ്പ് ജപ്പാൻ ആസ്ഥാനമായ ടോക്കിയോവിൽ നടന്ന ഒളിംപിക്സ് ഹോക്കി വെങ്കല മെഡൽ മൽസരം..5-4 എന്ന ഗംഭീര സ്ക്കോറിൽ ഇന്ത്യ 41 വർഷത്തെ ഇടവേളക്ക് ശേഷം ഹോക്കിയിൽ മെഡൽ നേടിയ മൽസരം. പി.ആർ ശ്രീജേഷ് എന്ന ഗോൾക്കീപ്പർ അതിഗംഭീര പ്രകടനം നടത്തിയപ്പോൾ അന്ന് തോൽവി രുചിച്ചവർ ജർമൻകാരായിരുന്നു. നാളെ അതേ ജർമൻകാരുമായി ഇന്ത്യാ ഇവിടെ പാരീസിൽ കളിക്കുന്നു-സെമിഫൈനൽ. പ്രാദേശിക സമയം വൈകീട്ട് ഏഴിനാണ് കളി-ഇന്ത്യയിൽ രാത്രി പത്തര.

ജർമനിക്കാർ കരുത്തരാണ്. അതിവേഗ ഹോക്കിയുടെ വക്താക്കളാണ്. ഇവിടെയെത്തിയ ശേഷം തോൽവിയറിയാത്തവരാണ്. ക്വാർട്ടർ ഫൈനലിൽ ആധികാരികമായി അർജൻറീനക്കാരെ കീഴ്പ്പെടുത്തിയവരാണ്. ഇന്ത്യയും കരുത്തുറ്റ പ്രകടനങ്ങളുടെ വിലാസത്തിലാണ്. ആറ് മൽസരങ്ങൾ പിന്നിട്ടപ്പോൾ ഒരു തോൽവി മാത്രം. അത് ടോക്കിയോവിൽ സ്വർണം സ്വന്തമാക്കിയ ബെൽജിയത്തോട്. ആ ടീം ക്വാർട്ടർ ഫൈനലിൽ പുറത്തായിരിക്കുന്നു. സ്പെയിനിന് മുന്നിൽ അവർ 3-2ന് തോൽക്കുകയായിരുന്നു. ഇന്ന് തന്നെ ആദ്യ സെമിയിൽ നെതർലൻഡ്സ് സ്പെയിനുമായി കളിക്കുന്നുണ്ട്. സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡൽ മൽസര സാധ്യതയുണ്ടെങ്കിലും ഹർമൻപ്രീതും സംഘവും സ്വർണം സ്വന്തമാക്കി തന്നെയാണ് കളിക്കുന്നത്. 1980 ലെ മോസ്ക്കോ ഒളിംപിക്സിന് ശേഷം ഇന്ത്യക്ക് ഹോക്കിയിൽ സ്വർണം കിട്ടിയിട്ടില്ല.

ഗോൾകീപ്പർ ശ്രീജേഷ്, ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, യുവതാരം അഭിഷേക് എന്നിവരുടെ ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. ക്വാർട്ടർ ഫൈനലുൾപെടെ അപാരമികവാണ് ശ്രീജേഷ് പ്രകടിപ്പിക്കുന്നത്. ബ്രിട്ടനെതിരായ മൽസരത്തിൽ പെനാൽട്ടി ഷുട്ടൗട്ടിൽ മിന്നും മികവാണ് ഇന്ത്യയുടെ വൻമതിൽ കാഴ്ച്ചവെച്ചത്. പെനാൽട്ടി കോർണർ വിദഗ്ദ്ധനായ നായകൻ ഹർമൻ ഗോൾവേട്ടയിൽ മുന്നിലാണ്. വേഗതയിൽ കളിക്കുന്ന അഭിഷേകും അവസരവാദിയാണ്. ചില മൽസരങ്ങളിൽ പക്ഷേ പ്രതിരോധത്തിന് പിഴച്ചിരുന്നു.

ആദ്യ മൽസരത്തിൽ ന്യൂസിലൻഡ് ഇന്ത്യക്കെതിരെ തുടക്കത്തിൽ തന്നെ ഗോൾ നേടിയിരുന്നു. ബെൽജിയത്തിനെതിരായ മൽസരത്തിൻറെ അവസാനത്തിലും പ്രതിരോധം തളർന്നിരുന്നു. എന്നാൽ ജർമൻകാർ ചെറിയ പിഴവുകളെ പോലും പ്രയോജനപ്പെടുത്തുന്നവരാണ്. അതിനാൽ അതീവ ജാഗ്രത നിർബന്ധമാണ്. ലുകാസ് വിൻഡഫർ,നിക്കോളാസ് വെലൻ തുടങ്ങിയവർ അപാര ഫോമിലുമാണ്.

webdesk13: