X

ജര്‍മനിയില്‍ അംഗല മെര്‍ക്കല്‍ ചരിത്രം കുറിക്കുന്നു

ബെര്‍ലിന്‍: ജര്‍മനിയില്‍ ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. അംഗല മെര്‍ക്കല്‍ ചരിത്രം കുറിക്കുമെന്ന് കണക്കാക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ജര്‍മന്‍ ജനത ആവേശത്തോടെയാണ് വോട്ടു രേഖപ്പെടുത്തിയത്. നാലാം തവണയും ജര്‍മനിയെ നയിക്കാന്‍ മെര്‍ക്കലിനെ തന്നെയാണ് വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുകയെന്ന് അഭിപ്രായ സര്‍വേകളെല്ലാം ഒരേസ്വരത്തില്‍ പറയുന്നു.

21-ാം നൂറ്റാണ്ടിലെ ജര്‍മനിയുടെ അമ്മയായി പരിഗണിക്കപ്പെടുന്ന മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ വലിയ പ്രതീക്ഷയിലാണ്. ജര്‍മനിയുടെ വാതിലുകള്‍ അഭയാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുത്തും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ മെര്‍ക്കല്‍ ജര്‍മന്‍കാരെ സംബന്ധിച്ചിടത്തോളം മികച്ച ഭരണാധികാരിയാണ്.

രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കണമെങ്കില്‍ അവര്‍ക്ക് ഇനിയും അവസരം നല്‍കണമെന്ന് പൊതുജനാഭിപ്രായം ശക്തമാണ്. സ്വന്തം ജനതക്കിടയില്‍ ഇത്രത്തോളം വിശ്വാസ്യത നിലനിര്‍ത്താന്‍ സാധിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് യൂറോപ്പിലില്ല. 10 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ക്ക് തണലൊരുക്കി ദീര്‍ഘകാലം അധികാരത്തില്‍ തുടരാന്‍ മെര്‍ക്കലിനല്ലാതെ മറ്റൊരാള്‍ക്ക് കഴിയില്ലെന്നും രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മാര്‍ട്ടിന്‍ ഷൂള്‍സാണ് പ്രധാന എതിരാളി. മെര്‍ക്കലിന്റെ ജനസ്വാധീനത്തിനു മുന്നില്‍ അദ്ദേഹം അടിയറവുപറയുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അഭിപ്രായ സര്‍വേകള്‍ പ്രകാരം ഷൂള്‍സിന് 20 ശതമാനം പേരുടെ പിന്തുണയാണുള്ളത്. മെര്‍ക്കലിന്റെ അഭയാര്‍ത്ഥി നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യും ശക്തമായി രംഗത്തുണ്ട്.

ഇസ്്‌ലാമിനെ കടന്നാക്രമിച്ചും കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് എ.എഫ്.ഡി വോട്ടു ചോദിച്ചിരുന്നത്. 12 ശതമാനം വോട്ടാണ് എ.എഫ്.ഡിക്ക് ലഭിക്കുകയെന്ന് അഭിപ്രായ സര്‍വേകളില്‍ പറയുന്നു.

chandrika: