ലിസ്ബണ്‍: ലോകഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ‘മൂല്യമുള്ള’ വൈരികളാണ് ക്രിസ്റ്റിയാനോ റൊണോള്‍ഡോയും ലയണല്‍ മെസ്സിയും. രണ്ടു പേരും കളിക്കളത്തിലെ ഇതിഹാസങ്ങള്‍. കണക്കുകള്‍ വച്ചുള്ള കളിയിലും ഇഞ്ചോടിഞ്ച് മത്സരിക്കുന്നവര്‍. ഇരുവരും തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും കായിക ലോകത്തെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ്.
ബാലന്‍ ഡി ഓര്‍ പോലുള്ള അപൂര്‍വ്വം ആഘോഷങ്ങളിലേ ഇരുവരും ഒന്നിച്ചു പങ്കെടുക്കാറുള്ളൂ. ആശംസകള്‍ കൈമാറുന്നതും അപൂര്‍വ്വം. എങ്കിലിതാ, മെസ്സിയുടെ കുടുംബത്തിലേക്ക് ഒരു മില്യണ്‍ ഡോളര്‍ ആശംസ കൈമാറിയിരിക്കുകയാണ് ക്രിസ്റ്റിയാനോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ്.
മെസ്സിയുടെ മകന്‍ തിയാഗോ മെസ്സിയുടെ എട്ടാം ജന്മദിനത്തിലാണ് ജോര്‍ജിന തന്റെ ആശംസ കൈമാറിയത്. ബാഴ്‌സലോണ ഷര്‍ട്ടില്‍ നില്‍ക്കുന്ന തിയാഗോയുടെ ചിത്രവും ജോര്‍ജിന പങ്കുവച്ചു. ആശംസയ്ക്ക് പിന്നാലെ, ലൂയിസ് സുവാരസിന്റെ ഭാര്യ സോഫിയ ബാല്‍ബി, മുന്‍ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ സെസ്‌ക് ഫാബ്രിഗസിന്റെ ഭാര്യ ഡാനിയേല സീമാന്‍ തുടങ്ങിയവര്‍ പ്രതികരണവുമായി രംഗത്തെത്തി.
എന്താണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് പറയാന്‍ തനിക്ക് വാക്കുകളില്ല എന്നായിരുന്നു സോഫിയയുടെ പ്രതികരണം.