X

ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി പിന്നില്‍ സി.പി.എമ്മെന്ന് സൂചന

CPIM FLAG

ലുഖ്മാന്‍ മമ്പാട്‌

കേരളത്തിലെ സമുന്നത നേതാവും സമസ്ത പ്രസിഡന്റുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധി ഭീഷണിക്ക് പിന്നില്‍ സി.പി.എമ്മെന്ന് സൂചന. വഖഫ് കയ്യേറ്റത്തോടെ മത വിഭാഗങ്ങളില്‍ നിന്ന് പാടെ ഒറ്റപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വികൃത മുഖം മറച്ചുപിടിക്കാനായി ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് വിഷയം മുസ്‌ലിംലീഗിനെതിരെ തിരിച്ചുവിടാനുള്ള ഹീനശ്രമത്തിലാണ്. താനൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നാരായണന്‍ മാസ്റ്ററെ നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാനാക്കി സംഘ്പരിവാര്‍ ബന്ധം വ്യക്തിമാക്കിയ വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെയും ഡി.വൈ.എഫ്.ഐയുടെയും ദുഷ്ടലാക്കോടെയുള്ള അമിതാവേശ പ്രചാരണവും ഈ നീക്കത്തിന് ബലം നല്‍കുന്നു.

കോഴിക്കോട് സമസ്ത ആസ്ഥാനത്തെത്തി നേതാക്കളെ കാണുമെന്ന് മന്ത്രി അബ്ദുറഹിമാന്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന സംഭവത്തില്‍ മുസ്്‌ലിം സംഘടനകളുടെയാകെ പ്രതിഷേധം തുടരുകയാണ്. സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പില്‍ തുടര്‍ ചര്‍ച്ച പോലും ഇല്ലാതെ മൂന്നാഴ്ച പിന്നിട്ടതോടെ ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അമര്‍ഷത്തിലാണ്. ഇതിനിടെ, മിശ്ര വിവാഹത്തെ ഇസ്്‌ലാം പ്രോത്സാഹിപ്പിക്കുന്നതായി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസയുടെ പ്രചാരണത്തെ ജിഫ്രി തങ്ങള്‍ തുറന്നെതിര്‍ത്തിരുന്നു. കാസര്‍കോട്ട് ടാറ്റ ആശുപത്രിക്കായി കൈമാറിയ എം.ഐ.സി വഖഫ് ഭൂമിക്ക് പകരം ഭൂമി കൈമാറാത്തതിനെ തുടര്‍ന്ന് അതു തിരിച്ചു വേണമെന്ന് നിലപാട് സ്വീകരിച്ച് വഖഫ് ബോര്‍ഡിനെകൊണ്ട് നടപടി തുടങ്ങിച്ചതും സി.പി.എമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

വെളളിയാഴ്ച പള്ളികളില്‍ വഖഫ് വിഷയം സംസാരിച്ചാല്‍ സംഘര്‍ഷം ഉണ്ടാവുമെന്ന സി.പി.എം കേന്ദ്രങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത നേതാക്കളായ പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ എന്നിവരോടെല്ലാം കൂടിയാലോചിച്ചാണ് പ്രസംഗം ഒഴിവാക്കിയത്. ഇതിനെ പൊക്കിപ്പിടിച്ച് സര്‍ക്കാര്‍ അനുകൂലിയും ലീഗ് വിരോധിയുമായ പണ്ഡിതനാണ് ജിഫ്രി തങ്ങള്‍ എന്നും വധഭീഷണിക്ക് പിന്നില്‍ മുസ്‌ലിംലീഗാണെന്നും ധ്വനിപ്പിച്ചാണ് ഏതാനും ചാനലുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വിഷയത്തെ വഴിതിരിച്ചുവിട്ടത്. ഡി.വൈ.എഫ്.ഐയുടെ വിഷലിപ്ത പ്രതികരണവും പരിധി വിടുന്നതായിരുന്നു.

മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്‌ള് കോളജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ ജിഫ്രി തങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളെ ഗൗരവത്തോടെയെടുത്ത് കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കുന്നതിന് പകരം മുസ്‌ലിംലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിലകുറഞ്ഞ പ്രചാരം അണിയറയില്‍ നടക്കുന്ന ദുഷ്ടകരുനീക്കങ്ങളുടെ ഭാഗമാണോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വഖഫ് കയ്യേറ്റത്തിന് എതിരായി ശക്തമായ ഒരേ നിലപാടു സ്വീകരിച്ച് മുന്നോട്ടു പോകുന്ന മുസ്‌ലിംലീഗും സമസ്തയും പിണറായി സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുമ്പോഴാണ് ഉന്നത നേതാവായ ജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണിയും ഇതിനെ വഴി തിരിച്ചു വിടുന്ന വ്യാജ പ്രചാരണങ്ങളും, സി.പി.എമ്മിന്റെ ഫാഷിസ്റ്റ് ശൈലിയാണ് ഇത് വിളിച്ചോതുന്നത്.

 

Test User: