X

ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ അനുവദിക്കില്ല; മുസ്ലിം നേതൃയോഗം

കലാലയങ്ങളില്‍ ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം നേതൃയോഗം. ഇടത് സര്‍ക്കാര്‍ നിര്‍ബന്ധ പൂര്‍വ്വം ഇത്തരം ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നേതൃയോഗം വ്യക്തമാക്കി. ലിബറല്‍ ആശയങ്ങള്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും. ഇടത് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളില്‍നിന്ന് പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത സംഘടനാ നേതാക്കളുടെ യോഗത്തില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിലാണ് മുസ്ലിം സംഘടനാ നേതാക്കള്‍ യോഗം ചേര്‍ന്നത്.

മതവിശ്വാസികള്‍ക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളില്‍ ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. ലിംഗവിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ട്രല്‍ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങളെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഇത് കേവലം വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടത് പക്ഷ സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധ പൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. – നേതൃയോഗം ആവശ്യപ്പെട്ടു.

മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി കൂരിയാട്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.എന്‍ അബ്ദുല്‍ ലത്തീഫ് മൗലവി, ടി.കെ അഷ്‌റഫ്, അഡ്വ ഹനീഫ്, സി.മരക്കാരുട്ടി, അബ്ദുല്‍ സലാം വളപ്പില്‍, ഇ.പി അഷ്‌റഫ് ബാഖവി, ശിഹാബ് പൂക്കോട്ടൂര്‍, പ്രൊഫ. കടവനാട് മുഹമ്മദ്, എഞ്ചിനീയര്‍ പി.മമ്മദ് കോയ പങ്കെടുത്തു.

Test User: