X

ലിംഗ നീതിയും ലിംഗ സമത്വവും

ടി.എച്ച് ദാരിമി

ദേശീയ വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്‌കരണത്തിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നടക്കുകകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെയും സ്‌കൂള്‍ രക്ഷാകര്‍ത്താക്കളുടെയും ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് ഇപ്പോള്‍ ചര്‍ച്ച ഗ്രാമ പഞ്ചായത്തിലെത്തിയിരിക്കുന്നു. പൊതുവെ ചര്‍ച്ചകളില്‍ പുതിയ സമൂഹത്തിന് താല്‍പര്യം കുറവാണ്. കാരണം അത് പലപ്പോഴും പ്രഹസനമായിമാറുകയാണ്. ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നതോടൊപ്പം ഭരണകക്ഷി ഉദ്ദേശിച്ച കാര്യങ്ങള്‍ ഉദ്ദേശിച്ചതു പോലെ നടത്തുകയാണ് ഇപ്പോള്‍ പതിവ്. കാലത്തിനും ലോകത്തിനും അനുസൃതമായ പരിഷ്‌കരണങ്ങള്‍ പൊതുവെ സ്വാഗതാര്‍ഹമാണ്. കാരണം മനുഷ്യന്റെ ഏത് ജീവിത ഒഴുക്കും കുറേ ഒഴുകുമ്പോള്‍ മാത്രമാണ് അതിന്റെ കുറവു ബോധ്യമാവുക. അപ്പോള്‍ അതുവരെയുള്ള എല്ലാ പ്രശ്‌നങ്ങളും സ്വരുക്കൂട്ടി പരിഹരിച്ച് പരിഷ്‌കരിച്ച് മുന്നോട്ടുപോകുകതന്നെയായിരിക്കും അഭികാമ്യം. മാത്രമല്ല, ലോകം അതിവേഗം മാറുകയാണ്. അതിനനുസരിച്ച് പരിഷ്‌കരിച്ച് വികസിച്ചില്ലെങ്കില്‍ നാം മാത്രമല്ല, നമ്മുടെ രാജ്യവും പിന്തള്ളപ്പെടും. പക്ഷേ, ചര്‍ച്ചക്കു വേണ്ടി ഗവണ്‍മെന്റ് അടിച്ചിറക്കി വിതരണം ചെയ്ത ചര്‍ച്ചാകുറിപ്പുകളടങ്ങിയ പുസ്തകത്തിന്റെ ഉള്ളടക്കം കാണുമ്പോള്‍ ഗുരുതരമായ ചില ആശങ്കകളുണ്ട് എന്നു പറയാതെ വയ്യ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗ സമത്വം എന്ന പ്രയോഗം ഫോക്കസ് ഏരിയ വിഷയങ്ങളില്‍ വ്യാപകമായി കാണുന്നത്. അതു മാറ്റി ലിംഗ നീതി എന്നാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു എങ്കിലും ഇതുവരെ അത് വേണ്ടവിധം തിരുത്തപ്പെട്ടിട്ടില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരുടെയൊക്കെയോ ലക്ഷ്യവും ഉദ്ദേശവും അതായതു കൊണ്ടായിരിക്കുമോ അത് തേച്ചിട്ടും മായ്ച്ചിട്ടും പോകാത്തത് എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

ലിംഗനീതിയും ലിംഗസമത്വവും രണ്ടാണ്. പുരുഷന്‍ പുരുഷനായതിന്റെ പേരിലോ സ്ത്രീ സത്രീയായതിന്റെ പേരിലോ അവരര്‍ഹിക്കുന്ന ഒരു അവകാശവും നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് ലിംഗനീതിയില്‍ പുലര്‍ത്തുന്നത്. അതേ സമയം ലിംഗ സമത്വം എന്നത് ലിംഗ വൈവിദ്ധ്യത്തെ പാടെ നിരാകരിക്കുകയും ലിംഗ വ്യത്യാസമില്ലാതെ രണ്ട് പേര്‍ക്കും എല്ലാം തുറന്നിടുകയാണ്. ഇതുപക്ഷേ ചിലര്‍ക്കൊന്നും മനസ്സിലാകുന്നില്ല. അവര്‍ എങ്ങനെയെങ്കിലും എവിടെയെങ്കിലും രംഗത്തെത്തുമ്പോള്‍ തങ്ങളുടെ വിഢിത്തം പരസ്യമായി വിളിച്ചുപറയുകയും അതിലേക്ക് ആളെകൂട്ടാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. എത്ര മനസ്സിലായാലും അവര്‍ തങ്ങളുടെ വാദത്തില്‍ നിന്ന് പിന്നോട്ട് പോരില്ല. അങ്ങനെയാണ് അപ്രായോഗികമായ ഇത്തരം സാമൂഹ്യ ബാലിശങ്ങള്‍ സമൂഹത്തില്‍ നിലനിന്നതും പലപ്പോഴും ചിന്താ ശല്യങ്ങള്‍ ഉയര്‍ത്തുന്നതും. കഴിഞ്ഞ നൂറ്റാണ്ടില്‍ അത്തരം ചില വ്യക്തിത്വങ്ങള്‍ വരികയുണ്ടായി. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവരാണ് ഇന്ന് നിലനില്‍ക്കുന്ന ഇത്തരം വാദങ്ങളുടെ പിന്നില്‍. ഇവരുടെ ഈ ബാലിശ വാദങ്ങളെ സിദ്ധാന്തങ്ങള്‍ എന്നാണ് വിളിക്കപ്പെട്ടു വരുന്നത്. ഇതുതന്നെ വലിയ തെറ്റാണ്. കാരണം ആ പ്രയോഗം അവര്‍ക്കും അവരുടെ കാഴ്ചപ്പാടുകള്‍ക്കും ആവശ്യമില്ലാത്ത പ്രാധാന്യം നല്‍കി. ചാള്‍സ് ഡാര്‍വിന്റെ (1809-1882) പരിണാമവാദങ്ങളും കാള്‍ മാര്‍ക്‌സിന്റെ (1818-1883) സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും സിഗ്മണ്ട് ഫ്രോയിഡിന്റെ (1856-1939) ലൈംഗിക വീക്ഷണങ്ങളുമാണ് അവ. ഒന്നാമത്തേത് എല്ലാം നിരാകരിക്കുന്ന യുക്തിവാദവും രണ്ടാമത്തേത് അപ്രായോഗിക രാഷ്ട്രീയ സോഷ്യലിസവും മൂന്നാമത്തേത് കുത്തഴിഞ്ഞ ലൈംഗികതയുമാണ് നല്‍കിയത്.

ലിംഗഭേതത്തിന്റെ രഹസ്യവും സാംഗത്യവും മനസ്സിലാക്കിയിടത്ത് വരുന്ന പിശകാണ് സത്യത്തില്‍ ഇത്തരം ആശയ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. ഇവിടെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ രണ്ട് ആമുഖങ്ങള്‍ ആദ്യം ഗ്രഹിക്കേണ്ടതുണ്ട്. ഒന്നാമതായി, ദ്വന്ദത എന്നത് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ സൃഷ്ടി രഹസ്യമാണ്. അതായത് എല്ലാം ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത് ഋണധന ശക്തികള്‍ ഉള്ള രണ്ട് ഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് എല്ലാം നിലനില്‍ക്കുന്നത്. അതില്ലാതെ ഒരു വസ്തുവും പ്രപഞ്ചത്തില്‍ നിലനില്‍ക്കില്ല. ആണിന്റെയും പെണ്ണിന്റെയും ബീജം കൂടിച്ചേരാതെ കുഞ്ഞ് ജനിക്കില്ല. ആണ്‍ പരാഗവും പെണ്‍ പരാഗവും ചേരാതെ പൂ വിരിയില്ല. ഈ വസ്തുത മനുഷ്യന്‍ ശാസ്ത്രത്തിന്റെ മേശപ്പുറത്ത് എത്തുന്നതിന്റെ എത്രയോ മുമ്പ് തന്നെ അല്ലാഹുവിന്റെ ഖുര്‍ആന്‍ പറഞ്ഞതാണ്. അല്ലാഹു പറയുന്നു: ‘എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി’ (51:49). എല്ലാ വസ്തുക്കളിലും ഇണകളുണ്ട് എന്ന വചനത്തെ ബാഹ്യമായി അപഗ്രഥിച്ചാല്‍ ജീവിവര്‍ഗങ്ങളിലും സസ്യജാലങ്ങളിലുംപെട്ട ഇണകളെ കുറിച്ചാകാം ഇതെന്ന് ആര്‍ക്കും മനസ്സിലാവും. മനുഷ്യരിലും സസ്യവര്‍ഗങ്ങളിലും എല്ലാം പെട്ട ഇണകളെകുറിച്ച് ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്. വീണ്ടും അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്‌നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അതുവഴി വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ഇണകള്‍ നാം (അല്ലാഹു) ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു’ (20:53). മറ്റൊരു സൂക്തം ഇങ്ങനെയാണ്. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്ന്തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (30:21).

എന്നാല്‍ ഈ പറഞ്ഞതിനോ നാം അനുഭവത്തിലൂടെ തിരിച്ചറിയുന്ന ഈ സത്യത്തിനോ രണ്ട് തുല്യമായ ഘടകങ്ങള്‍ തമ്മില്‍ ചേര്‍ന്നാണ് എല്ലാം ഉണ്ടാകുന്നത് എന്ന് അര്‍ഥമില്ല. അങ്ങനെയായാല്‍ അവ പരസ്പരം ചേരില്ല എന്നത് ഊര്‍ജതന്ത്രത്തിലെ പ്രാഥമിക അറിവുകളില്‍ പെട്ടതാണ്. ചെറിയ ഒരു ഉദാഹരണം വഴി ഇതു മനസ്സിലാക്കാം. ഒരു ബള്‍ബ് കത്താന്‍ രണ്ട് സര്‍ക്യൂട്ടുകള്‍ കൂടിയേ തീരൂ. രണ്ടും ഒരേ ശക്തിയിലുള്ളതായാല്‍ രണ്ടും തമ്മില്‍ ചേരില്ല, അല്ലെങ്കില്‍ ശക്തി ഉത്പാദിപ്പിക്കില്ല. അതറിയാന്‍ ബള്‍ബിലേക്ക് നീളുന്ന രണ്ട് വയറുകളില്‍ ഒന്ന് മുറിച്ച് തൊട്ടു നോക്കിയാല്‍ മാത്രം മതി. രണ്ടിലും ചാര്‍ജ്ജ് ഉണ്ടായിരിക്കും. പക്ഷേ, ഒന്നിലെ ചാര്‍ജ്ജ് പോസിറ്റീവും മറ്റേതിലേത് നെഗറ്റീവും ആയിരിക്കും. ഒന്നില്‍ തൊട്ടാല്‍ തെറിക്കും. മറ്റേതില്‍ അങ്ങനെ തെറിക്കില്ല. ഈ സരളമായ ഉദാഹരണം വ്യക്തമാക്കുന്നത് പ്രപഞ്ചത്തിലെ എല്ലാം ഉണ്ടാകുന്നത് ഇങ്ങനെ രണ്ട് ഘടകങ്ങള്‍ ചേര്‍ന്നാണ് എന്നാണ്. സമൂഹം, കുടുംബം, കുലം തുടങ്ങിയ അര്‍ഥങ്ങള്‍ സ്ഥാപിതമാകുവാന്‍ അവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് ആണും പെണ്ണും. ആണും പെണ്ണും ചേര്‍ന്ന് സമൂഹം ഉണ്ടാകാന്‍ അവര്‍ രണ്ടും സമജ്ജസമായി ചേരണം. അതിന് ചില ഏറ്റവ്യത്യാസങ്ങള്‍ അനിവര്യമാണ്. ഈ അനിവാര്യതകള്‍ പരിഗണിക്കുകയാണ് ലിംഗനീതി എന്ന പ്രയോഗത്തിലൂടെ. അതേസമയം അത് ലിംഗ സമത്വം എന്ന അര്‍ഥത്തിലേക്ക് വരുമ്പോള്‍ പലതരം ചേരായ്മകളും വരും. എന്നുവെച്ചാല്‍ അതിനര്‍ഥം പെണ്ണിനെ അടിച്ചമര്‍ത്തുന്നു എന്നോ തരംതാഴ്ത്തി നിറുത്തുന്നു എന്നോ അവളെ വെറും അടിമയായി കാണുന്നു എന്നോ ഒന്നും അര്‍ഥമില്ല. ഇത് പ്രത്യേക മതമോ രാഷ്ട്രീയ വിഭാഗമോ പറയുന്നതോ വാശിപിടിക്കുന്നതോ ഒന്നുമല്ല. മറിച്ച് ഇത് വെറും ജൈവപരമായ വസ്തുതയാണ്. ആണിന് കരുത്തുള്ള ശരീരവും മനസ്സും നല്‍കപ്പെട്ടിരിക്കുന്നു. അത് സ്ത്രീയെ അവള്‍ക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്ത് സംരക്ഷിക്കാനാണ്. അല്ലാഹു പറയുന്നു: പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്. ചിലരെ മറ്റുചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതു കൊണ്ടും ആണുങ്ങള്‍ സമ്പത്തു ചെലവഴിക്കുന്നതിനാലുമാണത് (4:34).

പ്രകൃതിയിലെ മറ്റു ജീവികളിലും സ്ത്രീപുരുഷ വ്യത്യാസങ്ങള്‍ പ്രകടമാണ്. പശുവിനേക്കാളേറെ കരുത്തും ശക്തിയും കാള പ്രകടിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്. കന്നുപൂട്ടിന് പശുവിനെ ഉപയോഗിക്കുന്നതിനുപകരം കാളയെയാണ് ഉപയോഗിക്കാറുള്ളത്. പ്രാണികളിലെ മിന്നാമിനുങ്ങളില്‍ കൂടുതല്‍ പ്രകാശം പൊഴിക്കുന്നത് പുരുഷനാണ്. അത് ഇണയെ ആകര്‍ഷിക്കാനാണ് ചെയ്യുന്നത് എന്ന് പറയാറുണ്ട്. പിന്‍ഭാഗം പരസ്പരം ഒട്ടിച്ച് മറ്റൊന്നിനെ വലിച്ച് കൊണ്ട് പോകുന്ന ഒട്ടി പ്രാണിയില്‍ സ്ത്രീയെ വഹിച്ചു കൊണ്ടു പോകുന്നത് പുരുഷനാണ്. പക്ഷികളിലെ വവ്വാലുകളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതും സ്വയപ്രാപ്തിയെത്തും വരെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതും പെണ്‍ വവ്വാലുകളാണ്. വിശ്രമ സമയത്ത് പെണ്‍ വവ്വാലിനെയും കുഞ്ഞുങ്ങളെയും അക്രമിക്കാന്‍ വരുന്ന ശത്രുക്കള്‍ക്കെതിരെ കാവലിരിക്കുന്നതും അവരെ തുരത്തി ഓടിക്കുന്നതും ആണ്‍ വവ്വാലുകളുമാണ്. ലോക പ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി തന്റെ വീട്ടുമുറ്റത്തെ തൊഴുത്തില്‍ പെണ്‍കുരുവി മുട്ടയിട്ട് അടയിരിക്കുന്നതും അവള്‍ക്കായി ഒരു ആണ്‍പക്ഷി കാവലിരിക്കുന്നതും കണ്ടെത്തുകയുണ്ടായി. അദ്ദേഹം ആ ആണ്‍ കിളിയെ വെടിവെച്ചു. ഉടനെ പെണ്‍കുരുവി പറന്നുപോയി. തന്റെ നിരീക്ഷണത്തിന്റെ ഭാഗമായി മറ്റൊരു ആണ്‍പക്ഷിയെ തല്‍സ്ഥാനത്ത് പകരം നിര്‍ത്തി സാലിം അതിനേയും വെടിവെച്ചിട്ടു. ഇങ്ങനെ ഇത് ഒമ്പതു പ്രാവശ്യം തുടര്‍ന്നെങ്കിലും ഒമ്പതു തവണയും പെണ്‍കുരുവി കാവലിനായി കണ്ടെത്തിയത് ആണ്‍ പക്ഷിയെ തന്നെയായിരുന്നു (ശാസ്ത്ര കേരളം 1996 ഒക്ടോബര്‍). പെണ്‍ ഡോള്‍ഫിനുകള്‍ കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നത് ധാരാളം ആണ്‍ ഡോള്‍ഫിനുകളുടെ സംരക്ഷണത്തിലാണ് എന്നും നീലതിമിംഗലവും ഇതേ സ്വഭാവക്കാരാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഇതെല്ലാം തെളിയിക്കുന്നത് ആണിന്റെ ആധിപത്യ സ്വഭാവവും പെണ്ണിന്റെ വിധേയത്വ സ്വഭാവവും തികച്ചും ജനിതകമാണ് എന്നതാണ്. പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം വസ്ത്രവുമായി ബന്ധപ്പെട്ടതല്ല, ഉടലുമായും ഉണ്മയുമായും ബന്ധപ്പെട്ടതാണ്. അവര്‍ക്കിടയില്‍ സമത്വവാദം ജന്തുശാസ്ത്രമോ നരവംശ ശാസ്ത്രമോ അംഗീകരിക്കുന്നില്ല. ശാസ്ത്രീയമായി തന്നെ കേവല യുക്തിക്കും അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും നിരക്കുന്നതല്ല ലിംഗസമത്വം എന്ന ആശയം. രാവും പകലും കരയും കടലും ഉദയവും അസ്തമയവും ഗിരിയും ഗര്‍ത്തവും ന്യൂട്രോണും പ്രോട്ടോണും പ്ലസും മൈനസും തുടങ്ങി ഒരു ബെനറി ചെയിന്‍ സത്യമാണ്. കംപ്യൂട്ടര്‍ ഇന്‍പുട്ടുകള്‍ പോലും പൂജ്യം ഒന്ന്, ഒന്ന് പൂജ്യം എന്ന തോതിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഏറ്റവും പരമമായ ഘടകമാണ് പൗരുഷവും സ്ത്രീത്വവും. ഇവ രണ്ടും സമമാവണമെന്ന ചിന്ത പ്രാപഞ്ചിക വിരുദ്ധമാണ്. രണ്ടിനും രണ്ടു ധര്‍മങ്ങളാണുള്ളത്. അവ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ശക്തിയാര്‍ക്ക് എന്ന അന്വേഷണം അര്‍ഥരഹിതമാണ്.

ശാരീരികമായി സ്ത്രീക്ക് പുരുഷന്റെ ഉയരമോ ഭാരമോ ഇല്ല. ഹീമോഗ്ലോബിന്‍ മുതല്‍ ശാരീരിക സ്രവങ്ങളിലെ ഹോര്‍മോണുകള്‍ വരെ അവര്‍ക്ക് കുറവാണ്. ഇതൊന്നും വെച്ച് സ്ത്രീ പുരുഷനോട് കലഹിക്കുന്നതില്‍ അര്‍ഥമില്ല. സത്യത്തില്‍ പെണ്ണിനാണ് ആണിന്റെ മനസ്സില്‍ ഏറ്റവും വില. ഒരു പെണ്ണിന് വേണ്ടി ആണ് എന്തും ചെയ്യും എന്നതാണ് അനുഭവം എന്നിരിക്കെ പുരുഷനെ കുറിച്ച് ഈ ഇല്ലാ വചനങ്ങള്‍ പറയുന്നതിനെ കള്ളം എന്നല്ലാതെ എന്താണ് പറയുക?. എന്തൊക്കെയോ തട്ടിക്കൂട്ടാനുള്ള ചട്ടക്കൂടുകള്‍ എന്ന കൈപ്പുസ്തകത്തില്‍ പ്രധാന വിഷയമായി പരിഗണിക്കുന്നത് തന്നെ ലിംഗനീതി, ജെന്‍ഡര്‍ ഓഡിറ്റിംഗ്, മിശ്ര ഇരുത്തം, യുക്തി ചിന്തയുടെ പരിപോഷണം തുടങ്ങിയ കാര്യങ്ങളാണ്. കുട്ടികളില്‍ നല്ല വിദ്യാഭ്യാസം എത്തിക്കാനുള്ളതിനേക്കാള്‍ ഏതോ ആശയങ്ങള്‍ പുരോഗമനമെന്ന പേരില്‍ ചുട്ടെടുക്കാനുള്ള നീക്കം വ്യക്തമാണ്.

Test User: