ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം നടത്തുന്നതിനെതിരെ നിയമ നടപടി കര്‍ശനമാക്കുമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ ജില്ലാതല അവലോകന-അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ നിലവിലുള്ള എല്ലാ സ്‌കാനിങ് സ്ഥാപനങ്ങളും പി.സി.പി.എന്‍.ഡി.ടി. നിയമം കൃത്യമായി നടപ്പാക്കണം. നിയമത്തെ കുറിച്ച് മലയാളത്തിലുള്ള ബോര്‍ഡ് എല്ലാ സ്‌കാനിങ് സെന്ററിലും പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം. ഇതിന് തടസം നില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. ചില സ്ഥാപനങ്ങളില്‍ പി.സി.പി.എന്‍.ഡി.ടി നിയമത്തെ കുറിച്ചുള്ള ബോര്‍ഡ് പേരിന് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും.
ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ രജിസ്‌ട്രേഷനും നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലയില്‍ പുതുതായി ഏഴ് സ്‌കാനിങ് സെന്ററുകള്‍ തുടങ്ങുന്നതിന് യോഗം അനുമതി നല്‍കി. യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമീലി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, ഡോ. മുജീബ് റഹ്മാന്‍, അഡ്വ. സുജാത വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.