ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഈ മാസം 27നും ശശി തരൂര്‍ 30നും പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. കൂടെ നില്‍ക്കുന്ന നേതാക്കള്‍ക്കൊപ്പം നേരിട്ടെത്തി പത്രിക സമര്‍പ്പിക്കുന്നതിലൂടെ ശക്തി പ്രകടനത്തിനുള്ള അവസരമായി ഇരു നേതാക്കളും ഇതിനെ ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ആരും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 22 വര്‍ഷം മുമ്പാണ് ഇതിനു മുമ്പ് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരമുണ്ടായത്. സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദും തമ്മിലായിരുന്നു മത്സരം. 2000 നവംബറില്‍ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ട 7700 വോട്ടുകളില്‍ 7448 വോട്ടുകളും സോണിയക്കാണ് ലഭിച്ചത്. ജിതേന്ദ്ര പ്രസാദിന് 94 പേരുടെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം ജെയ്‌സാല്‍മീറിലെ താനോട്ട് മാതാ ക്ഷേത്രത്തില്‍ ഗെഹ്‌ലോട്ട് സന്ദര്‍ശനം നടത്തി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് 71കാരനായ ഗെഹ്‌ലോട്ടിന്റെ ക്ഷേത്ര ദര്‍ശനം. ഒരു പദവിയോടും അമിത വിധേയത്വമില്ലെന്നും 40 വര്‍ഷമായി ഭരണഘടനാ പദവികള്‍ വഹിക്കുന്നു എ ന്നും അദ്ദേഹം പ്രതികരിച്ചു.