X
    Categories: CultureMoreNewsViews

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക ഐ.എം.എഫ് തലപ്പത്ത് വരുമ്പോള്‍ പൊളിയുന്നത് സി.പി.എമ്മിന്റെ കപട മുഖം

തിരുവനന്തപുരം: നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്നവരെന്നാണ് സി.പി.എം സ്വയം വിശേഷിപ്പിക്കാറുള്ളത്. പുത്തന്‍ സാമ്പത്തിക നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും തങ്ങളുടെ പക്കലില്ലെന്ന് അറിയാമെങ്കിലും സി.പി.എം നേതാക്കളും ബുദ്ധിജീവികളും അത് സമ്മതിക്കില്ല. സാധാരണക്കാര്‍ക്ക് മനസിലാവാത്ത ഭാഷയില്‍ സൈദ്ധാന്തിക ന്യായങ്ങള്‍ ചമച്ച് അവര്‍ അതിനെ പ്രതിരോധിക്കും.

പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥ് നിയമിതയായത് മുതല്‍ മുതലാളിത്ത നയങ്ങളോടുള്ള അവരുടെ സമീപനം ചര്‍ച്ചയായിരുന്നു. ലോകത്ത് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധയായ ഗീതാ ഗോപിനാഥ് നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ശക്തയായ വക്താവാണെന്നത് അങ്ങാടിപ്പാട്ടായിട്ടും സഖാക്കള്‍ സമ്മതിച്ചിരുന്നില്ല. പാര്‍ട്ടിക്ലാസില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി വിശ്വസിച്ച് അവര്‍ പിണറായിക്ക് വേണ്ടി ന്യായീകരണ ചാവേറുകളായി.

എന്നാല്‍ ലോകത്തെ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പ് കേന്ദ്രങ്ങളിലൊന്നായ അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യസാമ്പത്തിക ഉപദേശകയായി ഗീതാ ഗോപിനാഥ് നിയമിതയായതോടെ എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്നറിയാത്ത അവസ്ഥയിലാണ് സി.പി.എം നേതാക്കള്‍. പുറമെ വലിയ സോഷ്യലിസ്റ്റ് വീരവാദങ്ങള്‍ പറയുമ്പോഴും പുത്തന്‍ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് തങ്ങള്‍ നടപ്പാക്കയതെന്ന് സി.പി.എമ്മിന് സമ്മതിക്കേണ്ടി വരും. നേരത്തെ നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ചും ഗീതാ ഗോപിനാഥ് രംഗത്ത് വന്നിരുന്നു. ലോകത്ത് തന്നെ നോട്ട് നിരോധനത്തെ പിന്തുണച്ച അപൂര്‍വം സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീതാ ഗോപിനാഥ്.

പുതിയ സാഹചര്യത്തില്‍ സി.പി.എം എന്തുപറഞ്ഞ് ഗീതയെ ന്യായീകരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. വിപണിയധിഷ്ഠിത നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന ഏജന്‍സിയെന്നാണ് ഐ.എം.എഫിനെ കുറിച്ചുള്ള സി.പി.എം നിലപാട്. തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യയായ ആളെന്ന ബോധ്യത്തിലാണ് ഗീത ഗോപിനാഥിനെ നിയമിച്ചതെന്നാണ് ഐ.എം.എഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ത്തെ പറഞ്ഞത്. മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ ആസ്ഥാനമായ ഐ.എം.എഫ് മേധാവിക്കും ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന പിണറായി വിജയനും ഒരുപോലെ ഗീതാ ഗോപിനാഥ് എന്ന സാമ്പത്തിക വിദഗ്ധ പ്രിയങ്കരിയാവുന്നതെങ്ങനെ എന്നാണ് ചോദ്യം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: