X

രാജ്യം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം; ജിഡിപി രണ്ടാം പാദ കണക്കുകള്‍ ഇന്ന് പ്രഖ്യാപിക്കും

ഡല്‍ഹി: രണ്ടാം സാമ്പത്തിക പാദത്തിലെ ജിഡിപി കണക്കുകള്‍ ഇന്ന് ഔദ്യോഗികമായി പുറത്തുവരും. കണക്കുകള്‍ പുറത്തു വരുന്നതോടെ രാജ്യം ഔപചാരികമായി മാന്ദ്യത്തിലേക്കു കടക്കും. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആണു കണക്കുകള്‍ പുറത്തു വിടുക.

തുടര്‍ച്ചയായി രണ്ടാം പാദത്തിലും സാമ്പത്തിക രംഗം തളര്‍ച്ച രേഖപ്പെടുത്തുന്നതോടെ ഇന്ത്യന്‍ സാമ്പത്തിക രംഗം ‘മാന്ദ്യം’ എന്ന അവസ്ഥയിലെത്തുമെന്നു റിസര്‍വ് ബാങ്ക് പഠന റിപ്പോര്‍ട്ട് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ദേശീയ ഉല്‍പാദനം മുന്‍കൊല്ലം അതേ കാലയളവിലുള്ളതിനേക്കാള്‍ ചുരുങ്ങുമ്പോഴാണ് (ജിഡിപിയുടെ നെഗറ്റീവ് വളര്‍ച്ച) സാമ്പത്തിക രംഗം മാന്ദ്യത്തിലാണ് എന്നു ഔപചാരികമായി കണക്കാക്കുന്നത്.

അതനുസരിച്ച് ഇന്നു പുറത്തു വരുന്ന കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇന്ത്യ മാന്ദ്യാവസ്ഥയിലാകും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഈ അവസ്ഥയിലെത്തുന്നത്. ഏപ്രില്‍-ജൂണ്‍, ജൂലൈ- സെപ്റ്റംബര്‍, ഒക്ടോബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച് എന്നിവയാണ് സാമ്പത്തിക കണക്കുകൂട്ടലുകളിലെ ത്രൈമാസ പാദങ്ങള്‍.

8.6% – 11% വരെ ജിഡിപി ചുരുങ്ങുമെന്നാണു വിവിധ ഏജന്‍സികള്‍ വിലയിരുത്തുന്നത്. 2020 – 21 സാമ്പത്തിക വര്‍ഷം മൊത്തത്തിലെടുത്താല്‍ സാമ്പത്തിക രംഗം 9.5% തകര്‍ച്ച നേരിടുമെന്നും കരുതുന്നു. റിസര്‍വ് ബാങ്ക് 8.6%, ബാങ്ക് ഓഫ് അമേരിക്ക 7.5%, നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച് 12.7%, എസ്ബിഐ 10.7%, ബാര്‍ക്ലേസ് 8.5% എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ വ്യത്യസ്തമായ നിരക്കുകളാണ് രണ്ടാം പാദത്തിലേക്കു പ്രവചിക്കുന്നത്.

 

Test User: