ഷംസീര്‍ കേളോത്ത്
ഓഗസ്റ്റ് 31 ചൊവ്വാഴ്ചയാണ് രാജ്യത്തെ ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചാനിരക്കിന്റെ ഈ വര്‍ഷത്തെ ആദ്യപാദത്തിലെ കണക്ക് പുറത്ത്‌വന്നത്. വര്‍ഷത്തില്‍ നാല് തവണയായി ജി.ഡി.പി വളര്‍ച്ചാനിരക്ക് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. 20.1 ശതമാനം വളര്‍ച്ചയാണ് 2021 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. ത്രൈമാസക്കണക്കുകള്‍ ലഭ്യമാകാന്‍ തുടങ്ങിയതിന ്‌ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. മോദി സര്‍ക്കാറിന്റെ വലിയ നേട്ടമായാണ് സര്‍ക്കാരും സംഘ്പരിവാര്‍ കേന്ദ്രങ്ങളും ഇത് ആഘോഷിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ രാജ്യം മറികടന്നെന്നും അഭൂതപൂര്‍വമായ മുന്നേറ്റമാണ് സര്‍ക്കാര്‍ നടത്തിയതെന്നുമുള്ള അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയാകെ നിറയ്ക്കാന്‍ സര്‍ക്കാറനുകൂലികള്‍ക്കായി.
ഇംഗ്ലീഷ് അക്ഷരമാലയിലെ മാതൃകയിലുള്ള തിരിച്ചുവരവാണ് സാമ്പത്തിക മേഖല കൈവരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം അവകാശപ്പെട്ടത്. കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയതിന്‌ശേഷം വന്‍തിരിച്ചുവരവ് സാധ്യമാക്കുന്നതിനെയാണ് അദ്ദേഹം വളര്‍ച്ചാമാതൃകയായി വിശേഷിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള വലതുപക്ഷ മാധ്യമനിരീക്ഷകരടക്കം കേന്ദ്ര സര്‍ക്കാറിന്റെ ഈ നേട്ടം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാത്തതിലുള്ള നീരസം പരസ്യമാക്കി. പക്ഷേ, മോദി അനുകൂലികളുടെ ആഘോഷങ്ങള്‍ക്ക് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തിക വിദഗ്ധര്‍ കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി രംഗത്ത്‌വരുന്നതാണ് പിന്നീട് കണ്ടത്. കണക്കുകൊണ്ടുള്ള മായയാണ് ജി.ഡി.പി വളര്‍ച്ചയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് അവര്‍ തുറന്നുകാട്ടി. ലോകബാങ്കിന്റെ മുന്‍ ചീഫ് ഉപദേശകനും ന്യൂയോര്‍ക്കിലെ കോര്‍ണ്ണല്‍ സര്‍വകലാശാല സാമ്പത്തികശാസ്ത്ര അധ്യാപകനുമായ കൗഷിക് ബസു സര്‍ക്കാറിന്റെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്ന്കാട്ടി രംഗത്തെത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഞെട്ടിക്കുന്ന മോശം വാര്‍ത്തയാണ് 20.1 ശതമാനം വളര്‍ച്ച കൈവരിച്ചു എന്ന വാദം. 2020 ഏപ്രില്‍-ജൂണ്‍ ത്രൈമാസ ജി.ഡി.പി വളര്‍ച്ചയില്‍ 24.4 ശതമാനത്തിന്റെ ഇടിവാണുണ്ടായതെന്നും ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വലിയ വളര്‍ച്ച കാണിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ മാനദണ്ഡമാക്കി ശതമാനവളര്‍ച്ച കണക്കാക്കിയത് കൊണ്ടാണെന്നും (ലോ ബേസ് ഇഫക്ട്) ബസു അടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടുതല്‍ വ്യക്തമാക്കിയാല്‍ ഉത്പന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ആകെ മൂല്യമായ ജി.ഡി.പി കോവിഡിനു മുമ്പുള്ള സാമ്പത്തിക സ്ഥിതിയോട് സമാനമായ സാഹചര്യത്തില്‍ പോലും എത്തിയിട്ടില്ല. 2019ലെ ആദ്യപാദ കണക്കുകകള്‍ പ്രകാരം 35.6 ലക്ഷം കോടിയാണ് രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന മൂല്യം. ഇത് 2021ല്‍ 32.38 ലക്ഷം കോടി രൂപമാത്രമാണ്. 3.5 ലക്ഷം കോടി രൂപയുടെ നഷ്ടം നികത്താന്‍ കഴിഞ്ഞിട്ടിെല്ലന്നതാണ് ഇത് വ്യക്തമാക്കുന്നത്. 2019ലെ സാമ്പത്തിക സ്ഥിതയോട് നിലവിലെ രാജ്യത്തിന്റെ വളര്‍ച്ച തുലനം ചെയ്യുമ്പോള്‍ 9 ശതമാനത്തിന്റെ ഇടിവാണുണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
20.1 ശതമാനത്തിന്റെ വളര്‍ച്ചയെ വലിയ നേട്ടമായി ഉയര്‍ത്തുന്നവര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മറ്റൊരു ഉദാഹരണംകൂടി പലരും മുന്നോട്ട്‌വെക്കുകയുണ്ടായി. അതിപ്രകാരമാണ്: കോവിഡിന് മുമ്പ് ഒരു വ്യക്തിയുടെ ശമ്പളം 100 രൂപയാണെന്ന് കരുതുക. കോവിഡ് കാലത്ത് ശമ്പളത്തിന്റെ 24 ശതമാനം കമ്പനി വെട്ടിക്കുറച്ച് 76 രൂപ നല്‍കി. എന്നാല്‍ ഈ വര്‍ഷം ശമ്പളം 20 ശതമാനം വര്‍ധിപ്പിക്കുകയും 91 രൂപയാക്കി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പ് 100 രൂപ ലഭിച്ചിരുന്ന വ്യക്തിക്ക് നിലവില്‍ 91 രൂപ ശമ്പളമായി ലഭിക്കുന്നു. ഇത് കമ്പനിയുടെ മുന്നേറ്റവും തൊഴിലാളിയുടെ ശമ്പള വളര്‍ച്ചയുമായി കമ്പനി ഉയര്‍ത്തിക്കാട്ടുന്നത് പോലെയാണ് രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം 20.1 ശതമാനായി വര്‍ധിച്ചു എന്ന വാദമെന്നാണ് വിമര്‍ശകര്‍ സര്‍ക്കാറിന് മുമ്പാകെവെച്ചത്.
2016 മുതല്‍ രാജ്യത്തിന്റെ ജി.ഡി.പി ഓരോ വര്‍ഷവും പിറകിലോട്ടാണ് സഞ്ചരിക്കുന്നതെന്ന് കൗഷിക് ബസു ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധിയാണ് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ അദ്ദേഹം തള്ളുകയും ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സര്‍ക്കാറിനെ പരിഹസിച്ചത് രാജ്യത്ത് ജി.ഡി.പി മുന്നോട്ട് കുതിക്കുന്നുണ്ട് പക്ഷേ അത് ആഭ്യന്തര ഉത്പാദനമല്ല മറിച്ച് ഗ്യാസ് ഡീസല്‍ പെട്രോള്‍ (ജി.ഡി.പി) വിലയാെണന്നായിരുന്നു. ഏതായാലും കണക്കിലെ മായാജാലങ്ങള്‍കൊണ്ട് സര്‍ക്കാറിന് ജനരോഷത്തെ മറികടക്കാനാവുമോ എന്നത് തെരഞ്ഞടുപ്പുകള്‍ തെളിയിക്കേണ്ട കാര്യമാണ്.