X
    Categories: gulfNews

ഒരൊറ്റ സ്റ്റിയറിങ് ഒരേ ലക്ഷ്യം; ഇനിയുള്ള സഞ്ചാരം ഒരേ ദിശയില്‍

അഷ്‌റഫ് വേങ്ങാട്ട്

ലോകം ഉറ്റുനോക്കിയ 41ാമത് ഉച്ചകോടി സമാപിച്ചപ്പോള്‍ അല്‍ ഉലയെന്ന പൗരാണിക നഗരം ചരിത്രത്തിലേക്ക്. ചരിത്രമാകുന്ന ദൗത്യ നിര്‍വഹണത്തിനാണ് മറായ ഹാളും അല്‍ ഉലയും ജിസിസി തലവന്മാരും സാക്ഷികളായത്. നാല് പതിറ്റാണ്ട് പിന്നിടുന്ന ജിസിസി കൂട്ടായ്മയുടെ കര്‍മ്മവീഥിയില്‍ വേറിട്ട അധ്യായം രചിച്ചു കൊണ്ടാണ് അല്‍ ഉലയുടെ ചരിത്ര മുന്നേറ്റം. ഒരുമയിലൂടെ മാത്രമാണ് ഇനിയുള്ള സഞ്ചാരമെന്നും ഭിന്നിപ്പിക്കാന്‍ തക്കം പാര്‍ത്ത് കഴിയുന്നവര്‍ക്കെതിരെ ഏകീകൃത നിലപാടോടെ നിലകൊള്ളുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു.
അകന്നു നിന്ന ഖത്തറിനെക്കൂടി ഉള്‍പ്പെടുത്തി പൂര്‍വാധികം ശക്തിയോടെ മേഖലയെ സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനത്തെ എല്ലാവരും ഒരേ സ്വരത്തില്‍ പിന്താങ്ങി.

തിങ്കളാഴ്ച്ച സഊദിയുടെ ഖത്തര്‍ ഉപരോധം പിന്‍വലിക്കുകയും രാജ്യാതിര്‍ത്തികള്‍ തുറക്കുകയും ചെയ്ത നടപടിയെ ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികള്‍ അനുമോദനങ്ങള്‍ ചൊരിഞ്ഞു പ്രശംസിച്ചു. കരാര്‍ ഒപ്പിട്ടതിന് ശേഷം ഖത്തര്‍ ഭരണാധികാരിയെയും കൂട്ടി സഊദി കിരീടാവകാശിയുടെ ചരിത്ര നഗരം ചുറ്റികാണുന്ന ദൃശ്യങ്ങളും വന്‍ വാര്‍ത്ത പ്രാധാന്യം നേടി.

ഒരുവണ്ടിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഡ്രൈവിംഗ് ഏറ്റെടുത്തപ്പോള്‍ തൊട്ടപ്പുറത്ത് ഇന്നലെ വരെ അകന്ന് കഴിഞ്ഞിരുന്ന ശൈഖ് തമിം. ഇനിയുള്ള സന്ചരം ഒരൊറ്റ സ്റ്റിയറിങ്ങില്‍ ഒരേ പാതയിലും ഒരേ ലക്ഷ്യത്തിലേക്കുമാണെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു ആ യാത്ര.

ഉച്ചകോടിയില്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവിന്റെ അഭാവത്തില്‍ അദ്ദേഹത്തെ പ്രതിനിധീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജമുകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, യു എ ഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തൂം, കുവൈത്ത് ഭരണാധികാരി അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ , ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ , ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍ സായിദ് എന്നിവരാണ് പങ്കെടുത്തത്. എല്ലാറ്റിനും സാക്ഷിയായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനായ ജെറീഡ് കുഷനറും പ്രത്യേക അതിഥിയായി പങ്കെടുത്തു.

 

Test User: