അഷ്‌റഫ് വേങ്ങാട്ട്
റിയാദ് :41ാമത് ഗള്‍ഫ് ഉച്ചകോടിക്ക് സഊദിയുടെ സാംസ്‌കാരിക നഗരമായ അല്‍ ഉലയ ഒരുങ്ങി. സഊദിയുടെ സമ്പന്നമായ സാംസ്‌കാരിക, പൈതൃക അടയാളങ്ങളില്‍ ഏറ്റവും പ്രധാനമായ നഗരമാണ് അല്‍ഉലയ. പ്രകൃതി രമണീയതയും പുരാതന സ്മാരകങ്ങളുടെയും നാഗരികതകളുടെയും സംഗമ കേന്ദ്രമായ അല്‍ഉലയയിലെ മറായാ ഓഡിറ്റോറിയത്തിലാണ് ഉച്ചകോടി നടക്കുന്നത്. അല്‍ഉലയുടെ പ്രകൃതി ഭംഗിയും മാസ്മരികതയും ഒപ്പിയെടുത്തെന്നോണം പ്രതിഫലിക്കുന്നതാണ് ഈ ഓഡിറ്റോറിയം .
ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളായ അതിഥികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
കണ്ണാടി ചില്ലുകള്‍ ഉപയോഗിച്ച് പുറം ഭാഗത്ത് ക്ലാഡിംഗ് ചെയ്ത ലോകത്തെ ഏറ്റവും വലിയ കെട്ടിടമെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട് മറായ. ചതുരാകൃതിയിലുള്ള ഇതിന്റെ പുറം ഭാഗം 9,500 ലേറെ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ കണ്ണാടി ചില്ലുകള്‍ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നു. വിവിധ ഭാഗങ്ങളുള്ള ഓഡിറ്റോറിയത്തിന്റെ ആകെ വിസ്തീര്‍ണം 6,500 ചതുരശ്രമീറ്ററാണ്. അത്യാധുനികതയും പാരമ്പര്യവും സമന്വയിപ്പിക്കുന്ന പ്രത്യേക വാസ്തുശില്‍പ രീതിയില്‍ സജ്ജീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉള്‍വശം ആരെയും വിസ്മയിപ്പിക്കാന്‍ പോന്നതാണ്. മറായയില്‍ 500 സീറ്റുകളാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ആര്‍ക്കിടെക്ചര്‍ പുരസ്‌കാരമായ ‘ആര്‍ക്കിടൈസര്‍ എ പ്ലസ്’ അവാര്‍ഡും മറായ ഓഡിറ്റോറിയം നേടിയിട്ടുണ്ട്. പ്രശസ്ത സഊദി ഗായകന്‍ മുഹമ്മദ് അബ്ദുവിന്റെ സംഗീത വിരുന്നോടെ 2018 ഡിസംബര്‍ 21 നാണ് മറായാ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തത്.
അല്‍ ഉലയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. പരസ്പരമുള്ള അഭിപ്രായ ഭിന്നതകള്‍ പറഞ്ഞു തീര്‍ക്കുകയും ഖത്തറുമായുള്ള നയതന്ത്രബന്ധം മറ്റു ജിസിസി രാജ്യങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനായി കുവൈറ്റ് ഇടപെട്ട് നടത്തിവന്ന മധ്യസ്ഥ ശ്രമത്തിന്റെ പ്രതിഫലനമാകും ഉച്ചകോടിയില്‍ പ്രകടമാവുക. ഇതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവ് ഔപചാരികമായി ക്ഷണിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സ്ഥിരതയും സുരക്ഷയും ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ക്കാണ് ഈ ഉച്ചകോടിയുടെ ലോകം കാതോര്‍ക്കുന്നത്. സര്‍വ മേഖലകളിലും സംയുക്ത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിലും അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും സമന്വയവും വര്‍ധിപ്പിക്കുന്നതിലും ഉച്ചകോടി ഗൗരവ പൂര്‍വമുള്ള തീരുമാനങ്ങളാകും കൈക്കൊള്ളുക. യമനിലെ സഖ്യ സര്‍ക്കാരിനെതിരെ പോരാട്ടം തുടരുന്ന ഇറാന്‍ അനുകൂല ഭീകര സംഘടനയായ ഹൂതികളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായ നീക്കമാകും ഉച്ചകോടിയില്‍ ഉണ്ടായേക്കുക. കഴിഞ്ഞ ദിവസം യമനിലെ ഏദന്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു .