X

ജിസിസി രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് പ്രവാസികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

സഊദി അറേബ്യ, യു.ഇ.എ, ബഹ്റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് പ്രവാസികളെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തറിലെ 27 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ ആറരലക്ഷത്തിലധികം ഇന്ത്യാക്കാരാണ്. ഇതില്‍ തന്നെ നല്ലൊരുപങ്കും മലയാളികളാണ. ഖത്തറില്‍ വ്യവസായ വാണിജ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മലയാളികള്‍ക്ക് ശക്തമായ പങ്കുണ്ട്. സഊദിയുമായുള്ള കരമാര്‍ഗമുള്ള ഗതാഗതം അടയുന്നത് വ്യവസായ വാണിജ്യമേഖലയെ സാരമായി ബാധിക്കും. സഊദിയില്‍ നിന്നാണ് ഖത്തര്‍ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തുന്നത്. ഭക്ഷ്യ ഭക്ഷ്യേതര വിപണികള്‍ക്കു പുറമെ ഗതാഗതം, ഓഹരി, നിര്‍മാണം, വാഹന, ടൂറിസം വിപണിയിലും പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ സ്വയംപര്യാപ്തമല്ല. സഊദിയെയാണ് ഇക്കാര്യത്തില്‍ കൂടുതലായി ആശ്രയിക്കുന്നത്. കടല്‍മാര്‍ഗം ഖത്തറിലേക്കുള്ള ചരക്കുകള്‍ എത്തിക്കുന്നതില്‍ യുഎഇയിലെ ജബല്‍ അലി തുറമുഖത്തിന് വലിയ പങ്കുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ഈ തുറമുഖങ്ങള്‍ മുഖേനയാണ് ഉത്പന്നങ്ങളെത്തുന്നത്. യുഎഇയില്‍നിന്നുള്ള ചരക്കുനീക്കം നിലയ്ക്കുന്നത് പ്രതികൂലമായി ബാധിക്കും. യു.എ.ഇയില്‍ നിന്നാണ് രാജ്യത്തേക്ക് കൂടുതല്‍ വാഹനങ്ങളും വാഹന യന്ത്ര സാമഗ്രികളും എത്തുന്നത്. 2022 ഫിഫ ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളെയും നയതന്ത്രതര്‍ക്കം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഈ രാജ്യങ്ങളില്‍നിന്നും കെട്ടിട നിര്‍മാണവസ്തുക്കളുടെ ഇറക്കുമതി നിലയ്ക്കും. സഊദിയില്‍ നിന്നുള്ള വ്യോമ, കര, നാവിക ഗതാഗതം നിര്‍ത്തലാക്കിയതോടെ ഖത്തറില്‍ നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെ താല്‍ക്കാലികമായി പ്രതിസന്ധിയിലാക്കും. ഗള്‍ഫ് എയര്‍ലൈനുകള്‍ ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിയതും ഇന്ത്യന്‍ പ്രവാസികളെ ഉള്‍പ്പടെ സാരമായി ബാധിക്കും. വിമാനടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികളുള്‍പ്പെടെ യുഎഇയിലെയും സഊദി അറേബ്യയിലെയും ബഹ്റൈനിലെയും ഒട്ടേറെ ഇന്ത്യക്കാര്‍ ഖത്തറിലും വ്യവസായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരാണ്. പല പ്രമുഖ കമ്പനികള്‍ക്കും ഖത്തറില്‍ നിരവധി ബ്രാഞ്ചുകളുണ്ട്. വ്യവസായാവശ്യാര്‍ഥം ഖത്തറിലേക്കും തിരിച്ചും നിരന്തരം യാത്ര ചെയ്യേണ്ടേത് അനിവാര്യമാണ്. പുതിയസാഹചര്യത്തില്‍ ഇതെല്ലാം താളംതെറ്റും. വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ വ്യാപാരമേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പാണ്. വിനോദ സഞ്ചാരമേഖലയെയും പ്രതികൂലമായി ബാധിക്കും. ഖത്തറിലേക്കു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത് സഊദി അറേബ്യയില്‍നിന്നാണ്. അവിടെനനിന്നുള്ള വരവ് നിലയ്ക്കുന്നതോടെ ടൂറിസം മേഖലയെ സാരമായി ബാധിക്കും. ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലുമായി കഴിയുന്ന ഒട്ടേറെ കുടുംബങ്ങളുമുണ്ട്. ഇത്തരം കുടുംബങ്ങള്‍ മാസത്തിലൊരിക്കല്‍ രണ്ടു സ്ഥലത്തേയ്ക്കുമായി യാത്ര ചെയ്യുന്നവരാണ്. ഇവരുടെയാത്രകളെയും ബാധിക്കും. വ്യോമ മാര്‍ഗം കൂടാതെ, കര- ജല ഗതാഗതവും യുഎഇ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങളുമായുള്ള ചരക്കു നീക്കവും നിലച്ചു.

chandrika: