ഗസ്സ: മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത സയണിസ്റ്റ് ഭരണകൂടം ഗസ്സയിലെ നിസ്സഹായരായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ബാധം തുടരുന്നു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 13 ദിവസം പിന്നിട്ടതോടെ തുല്യതയില്ലാത്ത നരകയായതിനയിലേക്കാണ് ഗസ്സ എടുത്തെറിയപ്പെട്ടിരിക്കുന്നത്. അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ആശൂപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുമ്പോഴും ഗസ്സക്കുമേലുള്ള സൈനിക നടപടിയില്‍ തെല്ലും അയവു വരുത്താന്‍ നെതന്യാഹു ഭരണകൂടം തയ്യാറായിട്ടില്ല.
ഗസ്സയില്‍ മരണം 3755
റഫ അതിര്‍ത്തിയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ ഇന്നലെയും നിരവധി തവണ ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തി. ഖാന്‍ യൂനിസില്‍ അല്‍ അമല്‍ ആശുപത്രിക്കു സമീപം ഇസ്രാഈല്‍ ബോംബു വര്‍ഷിച്ചു. ആശുപത്രിയോടു ചേര്‍ന്ന റസിഡന്‍ഷ്യല്‍ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം ഗസ്സയില്‍ 80ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട ഫലസ്തീനികളുട എണ്ണം 3755 ആയി. 12,400ലധികം പേര്‍ക്കാണ് പരിക്കേറ്റത്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 73 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1300 പേര്‍ക്ക് പരിക്കേറ്റു.
കൊന്നുതള്ളിയത് 1524 കുട്ടികളെ
1000 സ്ത്രീകളെ
ഹമാസിനെതിരായ പ്രത്യാക്രമണമെന്ന് അവകാശപ്പെടുന്ന സൈനിക നടപടിയില്‍ ഇസ്രാഈല്‍ ഇതുവരെ കൊന്നു തള്ളിയത് ആയിരത്തോളം സ്ത്രീകളേയും 1524 കുട്ടികളേയുമാണ്. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 600ലധികം കുട്ടികളുണ്ട്. 11 മാധ്യമ പ്രവര്‍ത്തകരും ഡസന്‍ കണക്കിന് ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഹമാസ് ആക്രമണത്തില്‍ ഇസ്രാഈലില്‍ കൊല്ലപ്പെട്ടത് 1403 പേരാണ്. ഇതില്‍ 306 പേര്‍ ഇസ്രാഈലി പട്ടാളക്കാരാണ്.
വെസ്റ്റ്ബാങ്കിലും
കൂട്ടക്കുരുതി
ഗസ്സക്കു പിന്നാലെ വെസ്റ്റ്ബാങ്കിലും ഇസ്രാഈല്‍ ക്രൂരത അതിരു കടക്കുകയാണ്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പ് ആക്രമിച്ച ഇസ്രാഈല്‍ സൈന്യം മൂന്ന് ഫലസ്തീനികളെ വെടിവെച്ചു കൊന്നു. 80ലധികം പേരെ കസ്റ്റഡിയില്‍ എടുത്തു.
മൃതദേഹങ്ങളുമായി
യാചിച്ച്
ഡോക്ടര്‍മാര്‍
അതേസമയം ഇസ്രാഈല്‍ കൂട്ടക്കുരുതിക്കെതിരെ ലോക രാഷ്ട്രങ്ങളുടെ കുറ്റകരമായ മൗനം ഇപ്പോഴും തുടരുകയാണ്. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഡസനിലധികം വരുന്ന പിഞ്ചുബാല്യങ്ങളുടെ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് ഇന്നലെ ഗസ്സയിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സൈനിക നടപടി അവസാനിപ്പിക്കാന്‍ ആഗോള സമൂഹത്തിന്റെ പിന്തുണക്കായി യാചിച്ചത്. ഇസ്രാഈല്‍ ക്രൂരതക്കെതിരെ ആഗോള സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ കഴിഞ്ഞ ദിവസം കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ടും ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
ബൈഡനു
പിന്നാലെ സുനകും
ഇസ്രാഈലില്‍
അതേസമയം അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനു പിന്നാലെ ഇസ്രാഈലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും നെതന്യാഹു ഭരണകൂടത്തിന്റെ യുദ്ധക്കുറ്റകൃത്യത്തെ പിന്തുണച്ചു. കടുപ്പമേറിയ മണിക്കൂറുകളില്‍ ഇസ്രാഈലിനൊപ്പം നില്‍ക്കുന്നു എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സുനകിന്റെ പ്രതികരണം.
20 ലക്ഷത്തിന് 24 ട്രക്ക്;
പരിഹാസമെന്ന്
സന്നദ്ധ പ്രവര്‍ത്തകര്‍
24 ട്രക്കുകള്‍ക്ക് മാത്രമാണ് സന്നദ്ധ സഹായവുമായി റഫ അതിര്‍ത്തി കടക്കാന്‍ അനുമതിയിലുള്ളത്. 20 ലക്ഷം മനുഷ്യര്‍ സര്‍വ്വവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായിക്കഴിഞ്ഞ ഒരു നാട്ടില്‍ 24 ട്രക്കുകളില്‍ സഹായമെത്തിച്ചിട്ട് എന്തു ചെയ്യാന്‍ എന്നാണ് യു.എന്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ ചോദിക്കുന്നത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ഖത്തറിന്റെ നേതൃത്വത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്.
ലോക നേതാക്കളെ ഫോണില്‍ വിളിച്ച് ഖത്തര്‍ അമീര്‍
സ്‌പെയിന്‍, നെതര്‍ലാന്റ് രാഷ്ട്ര തലവന്മാരുമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്നലെ ഫോണില്‍ സംസാരിച്ചു. സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ആഗോള പിന്തുണ വേണമെന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ സുരക്ഷിത ഇടനാഴി ഒരുക്കണമെന്ന ആവശ്യവും അമീര്‍ ഉന്നയിച്ചു. ഖത്തര്‍ അമീര്‍ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് ഡച്ച് പ്രധാനമന്ത്രി മാര്‍്ക്ക് റുട്ടെയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലൂടെ രംഗത്തെത്തി. ഇതിനിടെ ഹമാസിന്റെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 250 ആണെന്ന പുതിയ സ്ഥിരീകരണം വന്നു. ബന്ദികളില്‍ ഇസ്രാഈലികള്‍ക്കു പുറമെ വിദേശികളും ഉള്‍പ്പെടുമെന്നാണ് വിവരം.