ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രാഈല്‍ സേന സാധാരണക്കാരെ വെടിവെച്ചുകൊലപ്പെടുത്തുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഗസ്സ യുദ്ധത്തിന്റെ വക്കിലാണെന്ന് യു.എന്‍ രക്ഷാസമിതിക്ക് അയച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മാര്‍ച്ച് 30ന് ഗസ്സയുടെ അതിര്‍ത്തിയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ച ശേഷം ഇസ്രാഈല്‍ സേന സാധാരണക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവങ്ങള്‍ തന്നെ ഞെട്ടിച്ചതായും ഗുട്ടെറസ് പറഞ്ഞു. ഇസ്രാഈല്‍ സേന പരമാവധി ആത്മസംയമനം പാലിക്കേണ്ടതുണ്ട്. അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമേ വെടിവെക്കാവൂ-അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രക്ഷോഭത്തിനിടെ കുട്ടികളെയും മാധ്യമപ്രവര്‍ത്തകരെയും മെഡിക്കല്‍ സ്റ്റാഫിനെയും വെടിവെച്ചു കൊല്ലുന്നത് ഒരിക്കലും അംഗീരിക്കാനാവില്ല. ഭയം കൂടാതെ ചുമതലകള്‍ നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകരെയും ആരോഗ്യ പ്രവര്‍ത്തകരേയും അനുവദിക്കണമെന്നും ഗുട്ടെറസ് നിര്‍ദേശിച്ചു. ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇത്തരമൊരു അപകടകരവും ദുര്‍ബലവുമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ച എല്ലാവരെയും താന്‍ അസന്നിഗ്ധമായി അപലപിക്കുവെന്ന് അദ്ദേഹം രക്ഷാസമിതിയോട് പറഞ്ഞു. 2014ലെ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇസ്രാഈലിനോടും ഹമാസിനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞയാഴ്ച രക്ഷാസമിതി യോഗത്തിന് മുമ്പ് ഗുട്ടെറസ് അയച്ച റിപ്പോര്‍ട്ട് വാര്‍ത്താ ഏജന്‍സികളാണ് പുറത്തുവിട്ടത്. മാര്‍ച്ച് 30ന് ശേഷം ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പുകളില്‍ 130 പേര്‍ കൊല്ലപ്പെടുകയും 13,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ആവശ്യം ഗുട്ടെറസ് റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചു. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അപലപിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഭൂഭാഗങ്ങളില്‍ നടത്തുന്ന കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളെ നിയമിവരുദ്ധമായാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇസ്രാഈല്‍ എത്രയും വേഗം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു.
- 6 years ago
chandrika
Categories:
Video Stories
ഗസ്സ: ഇസ്രാഈലിനെ അപലപിച്ച് യു.എന്‍ മേധാവി
Tags: Gazza