ഗസ്സ മുനമ്പിലേക്ക് തടസ്സങ്ങളില്ലാതെ വേഗത്തിൽ മാനുഷിക സഹായമെത്തിക്കേണ്ടതിന്റെയും വിതരണം ചെയ്യേണ്ടതിന്റെയും പ്രാധാന്യം ആവർത്തിച്ച് ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽ ബിൻത് റാഷിദ് അൽ ഖാതിർ.
കേവലം നൂറിൽ താഴെ ട്രക്കുകൾ മാത്രമാണ് ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കുന്നതെന്നും, ഒക്ടോബർ ഏഴിന് മുമ്പ് അടിയന്തര സഹായങ്ങളുമായി എത്തിയിരുന്ന 400-500 ട്രക്കുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്നും ലുൽവ റാഷിദ് അൽ ഖാതിർ കൂട്ടിച്ചേർത്തു.
ഈജിപ്തിലെ അൽ അരീഷ് നഗരമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗമെന്നും നാലാം ജനീവ കൺവെൻഷൻ ആർട്ടിക്കിൾ 59 ലംഘിച്ച് കൊണ്ട് ഇസ്രായേൽ സഹായവിതരണം തടസ്സപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടി അൽ ഖാതിർ പറഞ്ഞു. ഭക്ഷണം, മരുന്നുകൾ, ചികിത്സ ഉപകരണങ്ങൾ, എന്നിവയാണ് ആദ്യ ഘട്ട ദുരിതാശ്വാസ വസ്തുക്കൾ എന്ന നിലയിൽ എത്തിക്കുന്നതെന്ന് അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഫലസ്തീൻ ജനങ്ങൾക്ക് ആവശ്യം ഇവയാണെന്ന അടിസ്ഥാനത്തിലാണിത്. അടിയന്തര വസ്തുക്കളുടെ സഹായം കൂടുതലായി ലഭ്യമാക്കണമെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു.
ഫലസ്തീനികളുടെ ആവശ്യങ്ങൾ സംബന്ധിച്ച് ഖത്തർ നിരന്തരം വിശകലനം ചെയ്ത് വരുകയാണെന്നും അതിലൂടെ ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.