X

‘ഗസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം’; ബൈഡന്റെ പ്രസംഗം തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍

അമേരിക്കയിലെ സൗത്ത് കരോലീനയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചരണം തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍. ചാള്‍സ്റ്റോണിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതോഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ബൈഡന്‍ പ്രസംഗിക്കുന്നതിനിടയിലാണ് പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചത്. ബൈഡന്‍ വൈസ് പ്രസിഡന്റ് ആയിരിക്കെ 2015ല്‍ ഈ ചര്‍ച്ചില്‍ ഒരു പാസ്റ്ററും എട്ട് വിശ്വാസികളും വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്റെ എതിരാളി ട്രംപിനെതിരെ, വംശീയ വിദ്വേഷം, ജനാധിപത്യത്തിന് അപകടം എന്നീ ആരോപണങ്ങള്‍ പ്രചരണായുധങ്ങളാക്കുവാനാണ് ഡെമോക്രാറ്റുകള്‍ ഉദ്ദേശിക്കുന്നത്.

ചര്‍ച്ചില്‍ ബൈഡന്‍ സംസാരിക്കാന്‍ തുടങ്ങിയതും സദസ്സിന്റെ പിന്‍നിരയില്‍ ഇരുന്ന പ്രതിഷേധക്കാര്‍ എഴുന്നേല്‍ക്കുകയും ഗസയിലെ ഫലസ്തീനികളുടെ ജീവന് വില കല്പിക്കാത്തതിന് ബൈഡനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പുറത്തേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ പ്രതിഷേധക്കാര്‍ ‘ഇപ്പോള്‍ തന്നെ വെടിനിര്‍ത്തല്‍’ മുദ്രാവാക്യം വിളിച്ചു. ബഹളം അവസാനിച്ചപ്പോള്‍ ഗസയില്‍ നിന്ന് പിന്‍വലിക്കുവാന്‍ ഇസ്രഈലി സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ താന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവരികയാണ് എന്ന് ബൈഡന്‍ പറഞ്ഞു.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്കിലും ഫലസ്തീന്‍ അനുകൂലികള്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ 3 പ്രധാന പാലങ്ങളും ഒരു തുരങ്ക കവാടവും ഉപരോധിച്ചുകൊണ്ടായിരുന്നു ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ഹോളണ്ട് ടണലിനൊപ്പം നഗരത്തിലെ ബ്രൂക്ലിന്‍, മാന്‍ഹട്ടന്‍, വില്യംസ്ബര്‍ഗ് അടക്കമുള്ള പാലങ്ങള്‍ മണിക്കൂറുകളോളം അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

 

webdesk13: