X

ഗസ്സയിൽ ഇസ്രാഈൽ വ്യോമാക്രമണം

ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആറ് വയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ആശുപത്രിയടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഗസ്സ മുനമ്പിന്റെ തെക്കൻ, വടക്കുപടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിലാണ് ഇസ്രാഈൽ പോർവിമാനങ്ങൾ മിസൈലാക്രമണം നടത്തിയത്. കൃഷിയിടത്തിലും മിസൈലുകൾ പതിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള ആശുപത്രിയും ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രവും കേടുപാട് പറ്റിയ കെട്ടിടങ്ങളും കൂട്ടത്തിൽ പെടും. ചില വീടുകളുടെ ജനലുകൾ തകർന്നു. വെള്ളിയാഴ്ച രാത്രി ഗസ്സയിൽനിന്നുണ്ടായ റോക്കറ്റാക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രാഈൽ സേന പറയുന്നു. റോക്കാറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഫലസ്തീനികൾ സംഘടനകൾ ആരും ഏറ്റെടുത്തിട്ടില്ല. 2007 മുതൽ ഉപരോധത്തിൽ വീർപ്പുമുട്ടുന്ന ഗസ്സക്കുനേരെ ഇസ്രാഈൽ ഇടക്കിടെ വൻ ആക്രമണങ്ങൾ നടത്താറുണ്ട്. സെപ്തംബർ അവസാനം ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഇസ്രാഈൽ പാലിക്കുന്നില്ലെന്ന് ഹമാസ് ആരോപിക്കുന്നു. 2008ന് ശേഷം ഗസ്സക്കുനേരെ ഇസ്രാഈൽ മൂന്ന് വൻ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇവയിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

zamil: