ഗസസിറ്റി: ഇസ്രാഈലി നരനായാട്ടിന്റെ ജീവിക്കുന്ന നേര്‍ സാക്ഷ്യമായി ഗസയിലെ ആ്‌സ്പത്രികളില്‍ കഴിയുന്ന പിഞ്ചു മക്കള്‍ മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലങ്ങളില്‍ കഴിയുന്നത് പവര്‍കട്ടും, ഊര്‍ജ്ജ പ്രതിസന്ധിക്കുമിടയില്‍.
ഗസയിലെ ഏറ്റവും വലിയ ആസ്പത്രിയായ അല്‍ശിഫ ആസ്്പത്രിയിലെ നവജാത ശിശുക്കള്‍ക്കായുള്ള ഐ.സി.യുവില്‍ 50 നവജാത ശിശുക്കളാണ് 30 കിടക്കകളിലായി മരണത്തോട് മല്ലടിന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ ഗസയില്‍ ആസ്പത്രിക്ക് പുറത്ത് സ്ഥാപിച്ച കൂറ്റന്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വെന്റിലേറ്ററുകള്‍ക്കാവശ്യമായ ഓക്‌സിജന്‍ എത്തിക്കുന്നത്.
വൈദ്യുതി ഒരുനിമിഷം നിലച്ചാല്‍ ജീവിതത്തില്‍ നിന്നും മരണത്തിന്റെ കയങ്ങളിലേക്ക് ഈ കുഞ്ഞുങ്ങള്‍ ഊളിയിടും. വൈദ്യുതി പ്രതിസന്ധിയാണ് കഴിഞ്ഞ ഒരുമാസമായി ഗസ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആസ്പത്രികളില്‍ പോലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല. മെക്കാനിക്കല്‍ വെന്റിലേഷനിലൂടെയാണ് ഐ.സി.യുവില്‍ കഴിയുന്ന നവജാത ശിശുക്കള്‍ ജീവന്‍ നില നിര്‍ത്തുന്നത്.
വൈദ്യുതി നിലച്ചാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഇവരുടെ മരണം സംഭവിക്കുമെന്നും പിന്നീട് തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നും അല്‍ ശിഫയിലെ എന്‍.ഐ.സി.യു ഡയരക്ടര്‍ ഡോ. അലാം അബു ഹമീദ പറയുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടികള്‍, തുക്കകുറവ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ എന്നിവരാണ് ഐ.സി.യുകളില്‍ കഴിയുന്നവരിലേറെയും. ഓക്‌സിജന്‍ സപ്ലൈ 90ല്‍ കൂടുതല്‍ വേണ്ടിടത്ത് 62 മാത്രമാണ് ഇപ്പോഴുള്ളതെന്ന് മോണിറ്റര്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു. ഇന്‍കുബേറ്ററുകളിലെ ഓക്‌സിജന്‍ ഹുഡുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാന്‍ ഗസയ്ക്കു നല്‍കിയതാണ്. ഇതില്‍ പൊട്ടല്‍ വീണ ഭാഗങ്ങള്‍ ടേപ്പ് വെച്ച് അടച്ചാണ് കുട്ടികള്‍ക്ക് സംരക്ഷിക്കുന്നത്. ഖത്തറും തുര്‍ക്കിയും എണ്ണ നല്‍കിയിരുന്നത് നിര്‍ത്തിയതോടെ ഗാസയിലെ പ്രധാനപ്പെട്ട പവര്‍ സ്‌റ്റേഷനുകളിലൊന്ന് കഴിഞ്ഞ മാസം അടച്ചതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ഇസ്രായേലില്‍ നിന്ന് അമിത വില നല്‍കി വൈദ്യുതി വാങ്ങാനുള്ള ശേഷിയും ഫലസ്തീനില്ല. ഇസ്രായേല്‍ ഫലസ്തീന് വൈദ്യുതി നല്‍കുന്നതിലും കുറവ് വരുത്തിയിരിക്കുകയാണ്. വൈദ്യുതി ലഭ്യതയില്‍ കുറവ് വന്നതോടെ ഗാസയിലെ നാല് ആസ്പത്രികള്‍ അടച്ചു. ജൂണ്‍ മാസം അവസാനത്തോടു കൂടി ഗാസയിലെ ഇന്ധനത്തിന്റെ നീക്കിയിരുപ്പ് പൂര്‍ണമായും കഴിയും. ഇതോടെ വന്‍ പ്രതിസന്ധിയാവും നഗരത്തെ കാത്തിരിക്കുന്നത്. വൈദ്യുതി പൂര്‍ണമായും നിലച്ചാല്‍ 100 രോഗികളുടെ മരണത്തിനും 1000 രോഗികളുടെ സ്ഥിതി മോശമാകുന്നതിനും കാരണമാവുമെന്നാണ് അല്‍ ശിഫ ആസ്പത്രി അധികൃതര്‍ നല്‍കുന്ന വിവരം. നിലവില്‍ 16 മുതല്‍ 20 മണിക്കൂര്‍ വരെയാണ് ഗാസയിലെ പവര്‍ കട്ട്. അടിയന്തരമായ അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഗാസയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ.
അല്ലെങ്കില്‍ ലോകം ഇന്നുവരെ കാണാത്ത ദുരന്തത്തിലേക്ക് ഗാസ നീങ്ങുമെന്നുറപ്പാണ്. വര്‍ഷങ്ങളായി ഗസ മുനമ്പില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ഇപ്പോള്‍ അതീവ ഗുരുതര പ്രതിസന്ധിയാണുള്ളത്. 33 ശതമാനം ആവശ്യമരുന്നുകളും ഗസയില്‍ ഇപ്പോള്‍ ലഭ്യമല്ല. പ്രതീക്ഷകള്‍ നഷ്ടമായ ഗസയിലെ ജനങ്ങള്‍ക്കു വേണ്ടി ലോക രാഷ്ട്രങ്ങള്‍ കണ്ണു തുറന്നില്ലെങ്കില്‍ ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്കായിരിക്കും ഗസ പതിക്കുക.