X

ഗസയും മരണത്തിലും പോരാടുന്ന മനുഷ്യരും

ഗസയില്‍ ഇസ്രാഈല്‍ അധിനിവേശത്തിന്റെ ബാക്കിപത്രമായി ഓരോ മണിക്കൂറിലും മരിച്ചു വീഴുന്നവരുടെ സംഖ്യ ചെറുതല്ല. പലസ്തീന്‍ എങ്ങനെയാണ് ചോരപ്പുഴയായി മാറിയതെന്ന് ചരിത്രം നോക്കിയാല്‍ അറിയാം. ഇസ്രാഈലിന്റെ ഇരകളാകുന്നതില്‍ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് പ്രകാരം പതിനാലായിരത്തിലധികം കുട്ടികളും ഒമ്പതിനായിരത്തിലധികം സ്ത്രീകളും ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തിലധികം പേര്‍ ഗാസ- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചു. തൊണ്ണൂറ്റിരണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഓരോ പത്തുമിനിറ്റിലും ഒരു പലസ്തീനിയന്‍ കുട്ടിയെങ്കിലും ഇസ്രാഈലിന്റെ നരഹത്യയില്‍ കരങ്ങള്‍കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഇസ്രാഈലിന്റെ ജെറ്റ് വിമാനങ്ങള്‍ പലസ്തീനിയന്‍ ആശുപത്രികളും സ്‌കൂളുകളും തകര്‍ക്കുമ്പോഴും മരിച്ചു വീഴുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോഴും ഗസയിലെ അരലക്ഷത്തിലധികം വരുന്ന കുട്ടികളും ഇസ്രാഈലിന്റെ യുദ്ധം കാരണം വിദ്യാഭ്യാസം നഷ്ടപ്പെടുന്നു. ഇസ്രാഈല്‍ കാപാലികര്‍ ഓരോ കൊലപാതകത്തേയും ആസ്വദിച്ചുക്കൊണ്ടിരിക്കുകയാണ്. വംശഹത്യയില്‍ അസ്ഥിത്വം പ്രവചിക്കുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇത് അത്ര വലിയകാര്യമല്ല. യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗാമിന്റെ കണക്കനുസരിച്ച് ഏറ്റവും മോശം ശിശു പോഷകാഹാര കുറവ് അനരഭവിക്കുന്നതും പട്ടിണിയിലേക്ക് നീങ്ങുന്നതും ഗസയാണ്. തെക്കന്‍ ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആവശ്യസാധനങ്ങളില്ലാതെ ജനങ്ങള്‍ തിങ്ങി നിറയുന്ന അവസ്ഥ ഒരു ഭാഗത്തും ആശുപത്രി സംവിധാനം തകരുന്ന കാഴ്ച്ച മറുവശത്തും.

ഈ 21ാം നൂറ്റാണ്ടില്‍ ഇത്രയും മാരകമായ മനുഷ്യ നിര്‍മ്മിത യുദ്ധം നടന്നുക്കൊണ്ടരിക്കുമ്പോഴും ശക്തരായ രാജ്യങ്ങളെല്ലാം കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. ഗസയെ മരണവും ദുരിതവും പട്ടിണിയും നിറഞ്ഞ ഒരു പ്രദേശമാക്കാന്‍ ഇസ്രാഈലിന് കഴിഞ്ഞുവെന്നുള്ളത് ഭയാനകമാണ്. ഹമാസിനെ തകര്‍ക്കുന്നതിലും ബന്ധികളെ മോചിപ്പിക്കുന്നതിലും ഇസ്രാഈല്‍ അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയോ എന്നുള്ളതും സംശയമാണ്.

webdesk14: