ന്യൂഡല്‍ഹി : ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ നായകന്‍ ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്താതത് ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന ഗംഭീര്‍ ഒടുവില്‍ മനസ്സു തുറന്നു.
തന്നെ നിലനിര്‍ത്താതതില്‍ വ്യക്തമായ കാരണം ക്ലബിനുണ്ടെന്നാണ് ഗംഭീറിന്റെ വാദം. താന്‍ ഇപ്പോള്‍ കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് . യുവാള്‍ക്കാണ് ടി-20യില്‍ പ്രധാന്യം നല്‍കേണ്ടത്. യുവതാരങ്ങളുടെ മെന്ററായി പ്രവര്‍ത്തിക്കേണ്ട സമയമടുത്തു. ക്ലബ് തന്നെ തഴഞ്ഞ തീരുമാനം അംഗീകരിക്കുന്നു. ഗംഭീര്‍ പറഞ്ഞു.
താരലേലത്തില്‍ ഗംഭീറിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഐ.പി.എല്ലില്‍ അദ്ദേഹത്തിന്റെ ആദ്യ ടീമായ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സും ശക്തമായ രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഗംഭീറിന്റെ പ്രതികരണം. അതേസമയം റൈറ്റ് ടു മാച്ച് വഴി കൊല്‍ക്കത്ത തന്നെ താരത്തെ കൂട്ടിലെത്തിക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ഇതോടെ ഇത്തവണ താരലേലത്തില്‍ ഏവരും ഉറ്റുനോക്കുന്ന പ്രധാന താരമാവും ഗംഭീര്‍.
2011 സീസണില്‍ കൊല്‍ക്കെത്തയിലെത്തിയ ഗംഭീര്‍ രണ്ടു തവണ ടീമിനെ ഐ.പി.എല്‍ ജേതാക്കളാക്കിയിട്ടുണ്ട്. നായകനായും ഓപണാറായും ടീമിനു മികച്ച പ്രകടനം കാഴ്ച ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട കളിക്കാരില്‍ പ്രമുഖനാണ്.