X

ഗംഭീറിന്റെ കൈവശം രണ്ട് വോട്ടര്‍ ഐഡി; ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി ആപ്പ് കോടതിയില്‍

കിഴക്കന്‍ ഡല്‍ഹി ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗൗതം ഗംഭീറിന്റെ കൈവശം രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന രംഗത്തെത്തിയത്.

ഗംഭീറിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തീസ് ഹസാരി കോടതിയില്‍ അതിഷി ഹര്‍ജി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.
വോട്ടര്‍പട്ടികയില്‍ ഡല്‍ഹി കരോള്‍ബാഗിലും രജീന്ദര്‍ നഗറിലും ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും താരത്തിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടെന്നും കാണിച്ചാണ് ആപ്പിന്റെ പരാതി. ഗൗതം ഗംഭീറിന്റെ നാമനിര്‍ദേശ പത്രിക ഉടന്‍ തള്ളണമെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പരാതി മെയ് ഒന്നിന് ഡല്‍ഹി കോടതി പരിഗണിക്കും.

ഗംഭീറിന്റെ രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍പ്പട്ടിക വിവരങ്ങളും പങ്കുവച്ച് അതിഷി ട്വീറ്റ് ചെയ്തു. ഇവ രണ്ടും സെന്‍ട്രല്‍ ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന നിയോജകമണ്ഡലങ്ങളാണ്. നിയമപ്രകാരം ഒരു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് കാണിച്ചാണ് അതിഷിയുടെ ട്വീറ്റ്.

അതേസമയം ആരോപണത്തെ ഗൗതം ഗംഭീര്‍ തള്ളി. ആരോപണം ഉന്നയിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യുന്നത് ആം ആദ്മി പാര്‍ട്ടിയുടെ പതിവ് ശൈലിയാണെന്ന് ഗംഭീര്‍ പറഞ്ഞു. എന്നാല്‍ ആരോപണം തെളിഞ്ഞാല്‍ ഗംഭീറിന്റെ നാമനിര്‍ദേശ പത്രിക തള്ളാനും ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കാനും കോടതിയ്ക്ക് അധികാരമുണ്ട്.

chandrika: