ന്യൂഡല്‍ഹി: 2020 ല്‍ സമ്പത്തിന്റെ വളര്‍ച്ചയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കടത്തി വെട്ടി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സില്‍ ഈ വര്‍ഷം 19.1 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് അദാനിക്കുണ്ടായത്. മുകേഷ് അംബാനക്ക് 16.4 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയും.
2010ലെ ആദ്യ പത്തര മാസത്തില്‍ അദാനി സ്വന്തം ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തത് 1.41 ലക്ഷം കോടി രൂപയാണ്. അഥവാ, ദിനംപ്രതി 449 കോടി രൂപ! ഈ വര്‍ഷത്തേത് അടക്കം അദാനിയുടെ മൊത്തം ആസ്തി 30.4 ബില്യണ്‍ ഡോളറാണ്. മുകേഷ് അംബാനിയുടേത് 75 ബില്യണ്‍ ഡോളറും. ബ്ലൂംബര്‍ഗ് സൂചിക പ്രകാരം ആഗോള തലത്തില്‍ അതിസമ്പന്നരുടെ പട്ടികയില്‍ നാല്‍പ്പതാമതാണ് അദാനി. മുകേഷ് അംബാനി പത്താമതും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും
ടെസ്‌ലയുടെ ഇലന്‍ മസ്‌കാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയത്. 92 ബില്യണ്‍ യുഎസ് ഡോളറാണ് മസ്‌ക് സമ്പാദിച്ചത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ സമ്പത്തില്‍ 68 ബില്യണിന്റെയും ചൈനീസ് ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് മേധാവി ഴോങ് ഷാന്‍ഷാന്റെ ആസ്തിയില്‍ 57 ബില്യണിന്റെയും വര്‍ധനയുണ്ടായി.
അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരിവിലയിലുണ്ടായ വര്‍ധനയാണ് ഗൗതം അദാനിയുടെ സമ്പത്ത് വര്‍ധിക്കാനുണ്ടായ കാരണം. ഈ വര്‍ഷം അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരിയില്‍ 551 ശതമാനം വര്‍ധനയാണ് ഉണ്ടായിരുന്നത്. അദാനി ഗ്യാസിന്റെ ഓഹരി 103 ശതമാനവും അദാനി എന്റര്‍പ്രൈസിന്റെ ഓഹരി 85 ശതമാനവും വര്‍ധിച്ചു. എന്നാല്‍ അദാനി പവറിന്റെ ഓഹരിയില്‍ ഇടിവു രേഖപ്പെടുത്തി; 38 ശതമാനം.
മുകേഷ് അംബാനി
1988ല്‍ ചരക്കു വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിക്ക് ഇപ്പോള്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജം, ലോജിസ്റ്റിക്, അഗ്രിബിസിനസ്, റിയല്‍ എസ്‌റ്റേറ്റ്, ഫൈനാന്‍ഷ്യല്‍ സര്‍വീസ്, ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, പ്രതിരോധം തുടങ്ങിയ മേഖലയില്‍ എല്ലാം വന്‍കിട നിക്ഷേപം ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായാണ് അദാനി അറിയപ്പെടുന്നത്. മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അദാനിയുടെ ആസ്തിയില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് കണക്കുകള്‍.