ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലക്കേസില്‍ അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളെ കേന്ദ്രീകരിച്ച് നീങ്ങവെ കൂടുതല്‍ സൂചനകളുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകോപനമായ പരാമര്‍ശങ്ങളുമായാണ് മുന്‍മന്ത്രിയും ബി.ജെ.പി എംഎല്‍എയുമായ ജീവരാജ് രംഗത്തെത്തിയത്.
ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ച് ഗൗരി ലങ്കേഷ് എഴുതിയില്ലായിരുന്നെങ്കില്‍ അവര്‍് ഇന്നും ജീവിച്ചിരിക്കുമായിരുന്നെന്ന് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രസ്താവന. ചിക്കമംഗലൂരുവിലെ കോപ്പ താലൂക്കില്‍ നടന്ന പൊതുപരിപാടിയിലാണ് ജീവരാജ് വിവാദ പരാമര്‍ശം നടത്തിയത്.
“നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും ആര്‍.എസ്.എസ് കൊലപാതകം നടത്തുന്നെന്ന രീതിയിലാണ് ഗൗരി എഴുതിയിരുന്നത്. അത്തരത്തില്‍ എഴുതിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നു”, ജീവരാജ് പറഞ്ഞു. ഗൗരിയുടെ ആര്‍എസ്എസ് സംഘപരിവാര്‍ വിരുദ്ധ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജീവരാജ് പറഞ്ഞു.