X

ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരെത്തി; പൂര്‍ണ ബഹുമതികളോടെ ഗൗരിയുടെ മൃതദേഹം സംസ്‌കരിച്ചു

ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകളില്ലാതെ ലിങ്കായത്ത് രുദ്രഭൂമി ശ്മനാശനത്തിലായിരുന്നു സംസ്‌കാരം. യുക്തിവാദിയായ സഹോദരിയുടെ മൃതദേഹം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സഹോദരന്‍ ഇന്ദ്രജിത്ത് നിര്‍ദേശിച്ചിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ലിങ്കായത്ത് രുദ്രഭൂമി ശ്മശാനത്തിലെത്തി ഗൗരി ലങ്കേഷിന് ആദരവ് അര്‍പ്പിച്ചു. ഗൗരി ലങ്കേഷിന്റെ മൃതദേഹം രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലിങ്കായത്ത് രുദ്രഭൂമി ശ്മനാശനത്തിലെത്തിയത്.

കന്നഡ സിനിമാ താരങ്ങള്‍, എഴുത്തുകാര്‍, രാഷ്ട്രീയ പ്രമുഖര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് പേരാണ് ഗൗരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബംഗളൂരുവിലെത്തിയത്.

ഗൗരിയുടെ ആഗ്രഹം പോലെ വിക്ടോറിയ ആശുപത്രിയില്‍ വെച്ച നടന്ന ശസ്ത്രക്രിയയിലൂടെ കണ്ണുകള്‍ ദാനം ചെയ്തതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ പുറത്തിറങ്ങുന്ന ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കൊല്ലപ്പെട്ടത്. അക്രമികളെ കണ്ട് വീട്ടിലേക്ക് ഓടിക്കയറാന്‍ ഗൗരി ശ്രമിച്ചെങ്കിലും ശരീരത്ത് വെടിയേറ്റ് വാതിലിന് പുറത്ത് മറിഞ്ഞു വീണു. തുടര്‍ന്ന് ഏഴോളം വെടിയുണ്ടകളാണ് അക്രമികള്‍ ഗൗരിക്ക് നേരെ നിറയൊഴിച്ചത്. നെറ്റിയിലും നെഞ്ചത്തും ദേഹത്തും വെടിയുണ്ടകള്‍ തുളഞ്ഞു കയരിയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

chandrika: