X

ഗൗരി ലങ്കേഷ് വധം: പ്രധാന സാക്ഷി കൂറുമാറി

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രധാന സാക്ഷി കൂറുമാറി. വ്യവസായി മാടേതിര തിമ്മയ്യ (46) ആണ് കൂറ് മാറിയത്. മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊന്ന കേസിലെ മുഖ്യ പ്രതി രാജേഷ് ബംഗേരയുടെ പദ്ധതിയെ കുറിച്ച് തനിക്ക് അറിയാമെന്ന് കുറ്റസമ്മത മൊഴി നൽകാൻ തന്നെ പൊലീസ് നിർബന്ധിപ്പിക്കുകയായിരുന്നു എന്നാണ് തിമ്മയ്യ കോടതിയിൽ പറഞ്ഞത്.

മഹാരാഷ്ട്രയിലെ ഏതാനും ആളുകളുമായും ബംഗേര ബന്ധപ്പെട്ടിരുന്നെന്നും മടിക്കേരിയിലെ ഒരു ഓഫീസിൽ വെച്ചാണ് അവർ കണ്ടു മുട്ടിയതെന്നുമായിരുന്നു 2018 ൽ തിമ്മയ്യ നൽകിയ മൊഴി. തന്റെ ഓഫീസ് സ്ഥലമായിരുന്നു ഇവർക്ക് കൂടികാഴ്ചക്കായി തിമ്മയ്യ വിട്ടു കൊടുത്തതെന്നായിരുന്നു പറഞ്ഞത്.

എന്നാൽ പ്രത്യേക കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് കോടതിയിൽ ഹാജരായ തിമ്മയ്യ തൻ്റെ കുറ്റസമ്മതം നിർബന്ധിച്ചിട്ടാണെന്ന് പറയുകയായിരുന്നു. ‘രണ്ട് ദിവസം ബെംഗളൂരുവിൽ തങ്ങാൻ പൊലീസ് എന്നോട് നിർദ്ദേശിച്ചു, അവർ എന്നോട് ബംഗേരയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. ഞാൻ നടത്തിയ കുറ്റസമ്മത മൊഴി പോലീസ് തയ്യാറാക്കിയതാണ്. അനുസരിക്കുന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു,’ തിമ്മയ്യ പറയുന്നു.
പ്രശസ്ത മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ അഞ്ചിനാണ് ബെംഗളൂരുവിലെ തന്റെ വസതിയിൽ വെച്ച് വെടിയേറ്റ് മരിക്കുന്നത്. ലങ്കേഷ് പത്രിക എന്ന വാരികയുടെ എഡിറ്ററായ അവർ, സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയങ്ങൾക്കെതിരായ നിലപാടുകളുടെ പേരിൽ നിരവധി തവണ സൈബർ അക്രമണകൾക്ക് വിധേയയായിരുന്നു.
തീവ്ര വലതു പക്ഷ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധപ്പെട്ടവരായിരുന്നു ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നിൽ.

webdesk13: