ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ കൊലയാളിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ കൊലയാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അന്വേഷണസംഘത്തെ കര്‍ണാടക സര്‍ക്കാര്‍ വിപുലീകരിച്ചു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 44 പേരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആദ്യമുണ്ടായിരുന്ന 21 ഉദ്യോഗസ്ഥരടക്കം അന്വേഷണ സംഘത്തില്‍ 65 പേരാണുള്ളത്. ഇന്റലിജന്‍സ് ഐ.ജി ബി.കെ സിങിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ചയോളമാകാറായിട്ടും സി.സി.ടി.വി ദൃശ്യങ്ങളല്ലാതെ കൊലയാളിയെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചത്. കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.