ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ചതിനുശേഷം കന്നട എഴുത്തുകാരനായ കെ.എസ് ഭഗവാന്‍, ജ്ഞാനപീഠ ജേതാവും നടനുമായ ഗിരീഷ് കര്‍ണാട് എന്നിവരെയും കൊല്ലാന്‍ അക്രമി സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് രാജ്യം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളിലൊരാളുടെ മൊഴിയില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
നേരത്തെ രാജ്യത്തെ പുരോഗമനവാദികളായ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മുന്‍ മന്ത്രിയും എഴുത്തുകാരിയുമായ ബി.ടി. ലളിത നായിക്, യുക്തിവാദി സി.എസ് ദ്വാരകാനാഥ്, വീരഭദ്ര ചണ്ണമല്ല സ്വാമി തുടങ്ങി ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പലരും പട്ടികയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരെ വധിക്കാനുപയോഗിച്ച ആയുധം തന്നെയാണ് ഗൗരി ലങ്കേഷ് കൊലപാതകത്തിലും അക്രമികള്‍ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 60 അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.