X

ഗൗരി ലങ്കേഷ് വധം: ജാമ്യത്തിലിറങ്ങിയ പ്രതികളെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുത്വവാദികള്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ മാലയിട്ട് സ്വീകരിച്ച് തീവ്രവലതുപക്ഷ സംഘടനകള്‍. പ്രതികളായ രണ്ട് പേരെയാണ് ഹിന്ദുത്വവാദികള്‍ മാലയിട്ട് സ്വീകരിച്ചത്.

ഒക്ടോബര്‍ ഒമ്പതിനാണ് ഗൗരി ലങ്കേഷിനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ പ്രതികളായ പരശുറാം വാഗ്മോറും മനോഹര്‍ യാദവയും ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതികളെ മാലയിട്ട് തീവ്രവലതുപക്ഷ സംഘടനകള്‍ സ്വീകരിച്ചത്.

നിലവില്‍ ഹിന്ദുത്വ നേതാവ് ഉമേഷ് വന്ദല്‍ പ്രതികളെ കാവി ഷാളും മാലയും അണിയിച്ച് ആദരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ പ്രതികളെ ആനയിച്ചത്. തുടര്‍ന്ന് സനാതന ധര്‍മത്തിന് സംഘടനാ പ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

പുറത്തിറങ്ങിയ പ്രതികള്‍ കാളികാദേവി ക്ഷേത്രത്തിലെ മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതും ശിവാജി സര്‍ക്കിളിലെ ശിവാജി പ്രതിമയില്‍ മാല ചാര്‍ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബെംഗളൂരുവിലെ തന്റെ വസതിയില്‍ വെച്ച് വെടിയേറ്റ് മരിക്കുന്നത്. ലങ്കേഷ് പത്രിക എന്ന വാരികയുടെ എഡിറ്ററായ ഗൗരി, സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയങ്ങള്‍ക്കെതിരായ നിലപാടുകളുടെ പേരില്‍ നിരവധി തവണ സൈബര്‍ അക്രമണകള്‍ക്ക് വിധേയയായിരുന്നു.

സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷിന് നേരെ ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ ഗൗരി ലങ്കേഷ് മരിക്കുകയായിരുന്നു. സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ളവരാണ് കേസില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

webdesk13: