ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ഷിന്‍ഡെ പക്ഷ ശിവസേനയില്‍ ചേര്‍ന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പന്‍ഗാര്‍ക്കറാണ് മഹാരാഷ്ട്രയിലെ ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നത്. ജല്‍ന നിയമസഭാ മണ്ഡലത്തില്‍ ഇയാള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന.
2017 സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വീടിന് മുന്നില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെടുകയായിരുന്നു. 2018ല്‍ അറസ്റ്റിലായ പന്‍ഗാര്‍ക്കര്‍ അടക്കമുള്ള പ്രതികള്‍ക്ക് കഴിഞ്ഞ മാസം നാലിനാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2001-2006 കാലത്ത് അവിഭക്ത ശിവസേനയുടെ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു പന്‍ഗാര്‍ക്കര്‍.
2011ല്‍ ശിവസേന ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയില്‍ ചേര്‍ന്നു. പന്‍ഗാര്‍ക്കര്‍ മുന്‍ ശിവസൈനികനാണെന്നും അദ്ദേഹം തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ഷിന്‍ഡെ പക്ഷ നേതാവും മുന്‍ മന്ത്രിയുമായ അര്‍ജുന്‍ ഖോട്കര്‍ പറഞ്ഞു.