X

‘ഹിന്ദു വിരുദ്ധയായ അവര്‍ കൊല്ലപ്പെടേണ്ടവള്‍’; ഗൗരി ലങ്കേഷ് വധക്കേസിലെ നിര്‍ണായക മൊഴി

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധക്കേസില്‍ നിര്‍ണായക മൊഴി പുറത്ത്. അറസ്റ്റിലായ ആയുധ ഇടപാടുകാരന്‍ കെ.ടി നവീന്‍കുമാര്‍ പൊലീസിനു നല്‍കിയ മൊഴിയിലാണ് നിര്‍ണായക വെളിപ്പെടുത്തലുള്ളത്.

ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധയാണെന്നും അവര്‍ കൊല്ലപ്പെടേണ്ടവളാണെന്നും കേസിലെ പ്രധാന പ്രതി, ബുള്ളറ്റുകള്‍ വാങ്ങാന്‍ വന്ന പ്രവീണ്‍ എന്നയാള്‍ പറഞ്ഞതായി നവീന്‍ പറഞ്ഞു. അതേസമയം, ഗൗരി ലങ്കേഷ് വധക്കേസിലെ കൊലപാതകികള്‍ക്ക് ബുള്ളറ്റ് കൈമാറിയത് നവീന്‍കുമാര്‍ സമ്മതിച്ചു.

പ്രവീണ്‍ നേരിട്ട് നവീന്റെ വീട്ടിലെത്തിയാണ് ബുള്ളറ്റുകള്‍ പരിശോധിച്ചത്. പുതിയ ബുള്ളറ്റുകള്‍ വാങ്ങാന്‍ നവീനോട് നിര്‍ദേശിച്ചു. തീവ്ര ഹിന്ദു സംഘടനകളുമായി ബന്ധമുള്ള പ്രവീണുമായി നേരത്തെ പരിചയമുണ്ടെന്നും നവീന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം, സെപ്തംബര്‍ അഞ്ചിന് മംഗലാപുരത്തായിരുന്നുവെന്നും വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നുമായിരുന്നു ആദ്യം നവീന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ് പുതിയ വെളിപ്പെടുത്തലുകളുണ്ടായത്. വധത്തില്‍ തനിക്ക് നേരിട്ട് പങ്കില്ല എന്നു വരുത്തി തീര്‍ക്കാനായി ഇയാള്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

കൊലയാളികള്‍ക്ക് ആയുധം കൈമാറിയത് നവീന്‍കുമാറാണ്. എന്നാല്‍ ഇതിനു ശേഷം ഇയാള്‍ ഭാര്യയുമായി തന്റെ വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ ഒരു ആശ്രമത്തിലേക്ക് പോയി. കൊലക്കു തനിക്ക് പങ്കില്ലെന്ന് തെളിവുണ്ടാക്കാനായിരുന്നു നവീന്റെ ഈ യാത്രയെന്ന് പൊലീസ് പറഞ്ഞു.

യുക്തിവാദ ചിന്തകനും എഴുത്തുകാരനുമായ കെ.എസ് ഭഗവാന്‍ വധക്കേസിലും നവീന് പങ്കുള്ളതായി പൊലീസ് പറയുന്നു. ഇയാള്‍ ഹിന്ദു യുവസേനയുടെ സ്ഥാപകന്‍ കൂടിയാണ്.

കേസില്‍ പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ഗൗരി ലങ്കേഷ് വധക്കേസിലെ ആസൂത്രണം നടന്നത് ബംഗളൂരുവിലും ബെല്‍ഗാമിലുമാണെന്ന് പറയുന്നുണ്ട്. ഗൗരി ലങ്കേഷിന്റെ വീട്ടിലെത്താന്‍ പ്രതികള്‍ തയാറാക്കിയ റൂട്ട് മാപ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്.

chandrika: