ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വാഹനത്തിന്റെ ഡ്രൈവര്‍ അര്മാന് ഖാനാണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം ലോകമറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമികള്‍ അര്മാന് ഖാനെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.
നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.