2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ തകര്‍ന്ന വിമാനം ഇന്നും എയര്‍പോര്‍ട്ട് വളപ്പില്‍ ദുരന്ത സ്മാരകമായി നില്‍ക്കുന്നുണ്ട്. അതുപോലെ തന്നെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെയും അവസ്ഥ. അപകടം നടന്ന് രണ്ടു വര്‍ഷം പിന്നിട്ടിട്ടും നിര്‍ത്തിവെക്കപ്പെട്ട സര്‍വീസുകളൊന്നും ഇന്നേവരെ പുനഃരാരംഭിച്ചിട്ടില്ല. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ചെറിയ വിമാനമാണ് അന്നു തകര്‍ന്നു വീണത്. എന്നാല്‍ ഇതിന്റെ പേരില്‍ വിലക്കു വീണത് വലിയ വിമാനങ്ങള്‍ക്കായിരുന്നു. വിമാനത്താവളത്തിന്റെ പരിമിതികള്‍ അപകടത്തിന് ഒരു കാരണവുമായില്ലെന്ന് തവണകളായി വന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടും ചില ശക്തികള്‍ അതിനു കടിഞ്ഞാണിട്ടു എന്നു വേണം പറയാന്‍.
കരിപ്പൂരിന്റെ ചിറകരിഞ്ഞ ഈ വിലക്കു മാറ്റാന്‍ ഒരു സര്‍ക്കാറും മുന്നിട്ടു വന്നില്ല എന്നതും സങ്കടകരമാണ്. പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് എ.എ.ഐ.ബിയുടെ (എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ) അന്വേഷണ റിപ്പോര്‍ട്ടില്‍ സുവ്യക്തമാണ്. വലിയ വിമാനസര്‍വീസ് പുനഃരാരംഭിക്കുന്നതിന് തടസമായി നില്‍ക്കുന്ന ഒന്നും തന്നെ അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. ഈ അന്വേഷണ റിപ്പോര്‍ട്ടിനെ തള്ളി ചില ശക്തികള്‍ രംഗത്തു വന്നതോടെ വ്യോമയാന മന്ത്രാലയം ഒമ്പതംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഈ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് മലബാറിന്റെ കവാടമായ കരിപ്പൂര്‍ വിമാനത്താവളത്തിന് തിരിച്ചടിയായത്.
റിസ (റണ്‍വേ എന്റ് സേഫ്റ്റി ഏരിയ) നീളം കൂട്ടണമെന്നായിരുന്നു ഇതിലെ പ്രധാന നിര്‍ദേശം. ഇതിനായി റണ്‍വേ നീളം കുറക്കണമെന്ന ന്യായവുമായി വന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഈ മണ്ടന്‍ തീരുമാനം മാറ്റി. റിസ നീളം കൂട്ടാന്‍ മാത്രം അനുമതി നല്‍കി. നാല് ഡി ആയിരുന്നു കരിപ്പൂരിന്റെ എയറോഡ്രോം ലൈസന്‍സ്. ഇത് നാല് സി ആയി കുറച്ചിരിക്കുകയാണ്. ഇ ശ്രേണിയിലുളള വലിയ വിമാനങ്ങള്‍ ഒന്നര പതിറ്റാണ്ട് സര്‍വീസ് നടത്തിയ കരിപ്പൂരില്‍ സി ശ്രേണിയിലുളള നാരോബോഡി വിമാനങ്ങള്‍ക്കും ചെറുവിമാനങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ അനുമതിയുള്ളത്.
2015 മെയ് മുതലാണ് കരിപ്പൂരിന്റെ ദുര്‍ഗതി തുടങ്ങുന്നത്. അന്ന് റണ്‍വേക്ക് വിള്ളലുണ്ടെന്നു പറഞ്ഞ് വലിയ വിമാനങ്ങള്‍ വിലക്കി. ബലപ്പെടുത്തുന്നത് വരെ സര്‍വീസില്ലെന്നറിഞ്ഞ് എമിറേറ്റ്‌സിന്റെയും സഊദി എയര്‍ലൈന്‍സിന്റെയും മുഴുവന്‍ വിമാനങ്ങളും എയര്‍ഇന്ത്യയുടെ വലിയ വിമാനങ്ങളും കരിപ്പൂര്‍ വിട്ടു. അപകടം നടന്ന വിമാനത്താവളം പറന്നുയരാന്‍ പല തരത്തിലുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ അതിന്റെ ചിറകരിയുന്ന സമീപനങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്.