ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ഗ്യാസ് സംഭരണ കേന്ദ്രത്തിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ആസ്പത്രിയില്‍. ദക്ഷിണഡല്‍ഹിയിലെ റാണി ഝാന്‍സി സ്‌കൂളിന് സമീപമുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലാണ് ചോര്‍ച്ചയുണ്ടായത്. അപകടത്തെ തുടര്‍ന്ന് സ്‌കൂളിലെ 150-ഓളം വിദ്യാര്‍ത്ഥിനികളെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വാതകചോര്‍ച്ചയെ തുടര്‍ന്ന് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായതാണ് കാരണം.
സ്‌കൂളില്‍ ക്ലാസ് നടക്കുന്ന സമയത്താണ് വാതക ചോര്‍ച്ചയുണ്ടായത്. സ്‌കൂളിനടുത്തുള്ള തുഗ്ലക്കാബാദ് കണ്ടയ്നര്‍ ഡിപ്പോയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി ആസ്പത്രിയല്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പോലീസും എമര്‍ജന്‍സി ആംബുലന്‍സുകളും ദേശീയദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.