ഡല്‍ഹി : വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്‌വേര്‍ഡ് ) നമ്പര്‍ കാണിക്കണം. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണിത്.
വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍, ഒരു ഡെലിവറി ഓതന്റിഫിക്കേഷന്‍ കോഡ് ഗുണഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കും. പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ.
പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്നും, യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാനാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. പ്രാരംഭ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനികള്‍ അറിയിച്ചു.