X

ഉപജില്ലയിലും ജില്ലയിലും തഴയപ്പെട്ട ഗരിമയ്ക്ക് ലഭിച്ചത് പൊരുതി നേടിയ വിജയം

ഉപജില്ലയിലും ജില്ലയിലും തഴയപ്പെട്ട പെണ്‍കുട്ടി നിയമയുദ്ധത്തിലൂടെ സംസ്ഥാന കലോത്സവ വേദിയിലെത്തുകയും വീറുറ്റ പോരാട്ടത്തിന്റെ കഥ പറഞ്ഞ് എ.ഗ്രേഡിന്റെ തുഞ്ചത്തേറുകയും ചെയ്തത് തൃത്താല ഹൈസ്‌കൂളിന് അവിസ്മരണീയാനുഭവമായി. തൃത്താല ഉപജില്ലാ കലോത്സവത്തില്‍ കഥാപ്രസംഗ മത്സരത്തിന് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഗരിമ മനോജിന് ലഭിച്ചത് തേഡ് എ.ഗ്രേഡ്. നന്നായി ശോഭിച്ചിട്ടും തഴയപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായത് സദസ്സിന് ഒന്നടങ്കം. കോടതി വിധി സമ്പാദിച്ച് ജില്ലയില്‍ എത്തിയപ്പോള്‍ എ.ഗ്രേഡ് ലഭിച്ചെങ്കിലും ഫസ്റ്റ് കിട്ടിയ കുട്ടിയെ മറികടക്കാന്‍ സാധിച്ചില്ല. ഒരേ വിധികര്‍ത്താവ് തന്നെയാണ് ജില്ലയിലും സബ്ജില്ലയിലും ജഡ്ജ് ആയി എത്തിയത് എന്നറിഞ്ഞതോടെ വീണ്ടും അപ്പീല്‍ കൊടുത്തെങ്കിലും അപ്പീല്‍ തള്ളി. തുടര്‍ന്ന് വീണ്ടും കോടതി ഉത്തരവുമായി സംസ്ഥാന കലോത്സവ വേദിയിലെത്തി. ജില്ലയില്‍ ഫസ്റ്റ് കിട്ടിയ കുട്ടിയെ പിന്‍തള്ളി ഗരിമ നേടിയത് മിന്നുന്ന വിജയം.

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ ജീവിതകഥ കഥാ പ്രസംഗ മത്സരത്തില്‍ അവതരിപ്പിച്ചാണ് ഗരിമ മനോജ് വെന്നിക്കൊടി പാറിച്ചത്. താഴെ തട്ടില്‍ തഴയപ്പെട്ടതിന്റെ മധുര പ്രതികാരം കൂടിയായി ഗരിമയുടെ വിജയം. ഗരിമ മനോജിനോടൊപ്പം ഗൗരവ് മനോജ്, മിഥുന്‍ പ്രസാദ്, ആദിദേവ്,ശ്രേയസ് എന്നിവരാണ് ടീമിലുണ്ടായത്. തൃത്താല ഡോ.കെ.ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണിവര്‍.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് തൃശൂരിലെ പോള്‍സണ്‍ താണിക്കലാണ് ഗുരു.
പഠനകാലത്ത് തഴയപ്പെട്ടതിന്റെ നൊമ്പരം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന അക്ഷര ജാലകം ബുക്‌സിന്റെ അമരക്കാരനും പൊതുപ്രവര്‍ത്തകനുമായ ഹുസൈന്‍ തട്ടത്താഴത്ത് ആണ് നിയമ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്ന് ഈ വിജയത്തിനുള്ള മുഴുവന്‍ സഹായവും ചെയ്തതെന്ന് ഗരിമ മനോജ് പറഞ്ഞു.

യു.പി വിഭാഗത്തില്‍ ജില്ലയില്‍ എ.ഗ്രേഡ്, നന്മ ബാലയരങ്ങ് കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഫസ്റ്റ് എ ഗ്രേഡ്,
മോണോ ആക്റ്റില്‍ ഫസ്റ്റ് എന്നിവ ഗരിമക്ക് ലഭിച്ചിട്ടുണ്ട്. കഥ, കവിത, ലേഖന രചനയിലും നാടകാഭിനയത്തിലും ഗരിമ സജീവമാണ്.

webdesk11: