മാഡ്രിഡ്: കഴിഞ്ഞ സെപ്തംബര്‍ 26 നാണ് ജെറാത്ത് ബെയില്‍ അവസാനമായി റയല്‍ മാഡ്രിഡിനായി കളിച്ചത്. കോടികള്‍ നല്‍കി സ്വന്തമാക്കിയ വെയില്‍സ് താരം നിരന്തര പരുക്കിന്റെ പിടിയില്‍ റിസര്‍വ് ബെഞ്ചില്‍ തന്നെയായപ്പോള്‍ റയല്‍ ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലുമെല്ലാം വിയര്‍ത്തിരുന്നു. ഒടുവില്‍ അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവരുകയാണ്. കിംഗ്‌സ് കപ്പില്‍ ഇന്ന് ഫുലന്‍ബര്‍ദായെ നേരിടുന്ന റയല്‍ സംഘത്തില്‍ ബെയില്‍ കളിക്കുമെന്നാണ് സൂചന. ബെര്‍ണബുവില്‍ നടക്കുന്ന മല്‍സരത്തില്‍ റയലിന് കാര്യമായ വെല്ലുവിളിയില്ല. മൂന്നാം ഡിവിഷന്‍ ടീമാണ് പ്രതിയോഗികള്‍. അതിനാല്‍ തന്നെ കോച്ച് സൈനുദ്ദീന്‍ സിദാന്‍ ബെയിലിന് അവസരം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
ബൊറുഷ്യ ഡോര്‍ട്ട്മണ്ടിനെതിരെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലാണ് ബെയില്‍ അവസാനമായി കളിച്ചത്. അതിന് ശേഷം ചാമ്പ്യന്‍സ് ലീഗിലും ലാലീഗിലുമായി റയല്‍ 11 മല്‍സരങ്ങള്‍ കളിച്ചു. ഈ മല്‍സരങ്ങളില്ലെല്ലാം ബെയില്‍ പുറത്തായിരുന്നു. ലാലീഗയില്‍ മാത്രമല്ല ചാമ്പ്യന്‍സ് ലീഗിലും റയല്‍ തപ്പിതടഞ്ഞു. ലാലീഗയില്‍ ഇപ്പോഴും ബാര്‍സക്ക് വളരെ പിറകിലാണ് ടീം. ചാമ്പ്യന്‍സ് ലീഗിലാവട്ടെ ടോട്ടനത്തോട് വെംബ്ലിയില്‍ ദയനീയമായി പരാജയപ്പെട്ടു. അപ്പോള്‍ നിക്കോഷ്യക്കെതിരെ നേടിയ ആറ് ഗോള്‍ ജയമാണ് മുഖം രക്ഷിച്ചത്. ലാലീഗയിലും ടീം കഴിഞ്ഞ മല്‍സരം വിജയിച്ചിരുന്നു.