X

മാലിന്യപ്പുക: ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുത്, നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വ്യാപിച്ച വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ കഴിയുന്നത്രയും വെളിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു. പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

ആരോഗ്യമുള്ളയാളുകളില്‍ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയില്ല. എന്നാല്‍ വായു മലിനീകരണത്തിന്റെ തോത് ഉയര്‍ന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ചില ആളുകള്‍ക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം.ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകള്‍, കുട്ടികള്‍, പ്രായം കൂടിയിവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വായു മലിനീകരണം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതലാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക.

കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടുന്നത് ഒഴിവാക്കുക.

ജോഗിംഗ്, നടത്തം, അല്ലെങ്കില്‍ വീടിനു പുറത്തുള്ള മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക.

പുറത്തിറങ്ങേണ്ടി വന്നാല്‍ N95 മാസ്‌ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

വായു മലിനീകരണത്തിന്റെ അളവ് കൂടുതല്‍ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളില്‍ വിറക് അടുപ്പ് കത്തിക്കുകയോ, പുക വലിക്കുകയോ മറ്റും ചെയ്യാതിരിക്കുക.

കെട്ടിടങ്ങളിലെയും വാഹനങ്ങളിലെയും എയര്‍ കണ്ടീഷണറുകളില്‍ വെളിയിലെ മലിനമായ വായുവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ‘റീ സര്‍ക്കുലേറ്റ്’ മോഡ് ഉപയോഗിക്കുക.

വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സിഗരറ്റ്, ബീഡി, മറ്റ് അനുബന്ധ പുകയില ഉല്‍പ്പന്നങ്ങള്‍ വലിക്കുന്നത് നിര്‍ത്തുക.

ധാരാളം പഴങ്ങള്‍ കഴിക്കുക, വെള്ളം കുടിക്കുക.

ആഹാര സാധനങ്ങള്‍ മൂടി വെച്ച് സൂക്ഷിക്കുകയും കൈയ്യും വായും മുഖവും നല്ലവണ്ണം കഴുകി ഭക്ഷണം കഴിക്കുകയും ചെയ്യുക.

ശ്വാസ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ നിത്യേന കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക.

ഇന്‍ഹേലര്‍, ഗുളികകള്‍ എല്ലാം പെട്ടെന്ന് എടുക്കാവുന്ന അകലത്തില്‍ സൂക്ഷിക്കുക.

ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ കഴിയുന്നത്രയും വെളിയില്‍ ഇറങ്ങുന്നത് ഒഴിവാക്കുക.

ശ്വാസതടസ്സം, ചുമ, നെഞ്ചിലെ അസ്വസ്ഥത / വേദന, തലകറക്കം, തലവേദന, മുതലായവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക.

സംശയനിര്‍വാരണത്തിനായി ബന്ധപെടേണ്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍: .
8075774769, 0484 2360802

webdesk11: