കോടതി നിര്‍ദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ നീക്കം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സംഭവം വിവാദമായതോടെ മേയര്‍ ഇടപെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിര്‍ത്തിവെച്ചു.
ഇന്നുമുതല്‍ കൊച്ചിയിലെ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന് മന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനമെടുത്തത്. ഇക്കാര്യം മേയറും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യവും കൊണ്ടു പോകരുതെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ബ്രഹ്മപുരം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതി നിര്‍ദേശം.