X

കോഴിക്കോട്ട് കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക്; കടക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഗുജറാത്തി സ്ട്രീറ്റില്‍ കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് വില്‍പന നടത്തിയ കടക്കെതിരെ കേസെടുത്തു. ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നത് കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമപ്രകാരമാണ് കേസെടുത്തത്.

കടയില്‍ നിന്ന് ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. സീഡ് ഓയില്‍ രാസപരിശോധനക്കായി റീജിണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസി.എക്‌സൈസ് കമ്മീഷണര്‍ എന്‍.സുഗുണന്‍ പറഞ്ഞു. ജില്ലയില്‍ ഇത്തരത്തില്‍ കൂടുതല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ കൂടുതലായി എത്തുന്നുണ്ടോയെന്നതും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയാണ്.

Chandrika Web: