പാലക്കാട്:അട്ടപ്പാടിയില്‍ ഒരേക്കര്‍ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ നശിപ്പിക്കുന്നത്. അട്ടപ്പാടിയിലെ ഗൊട്ടിയാര്‍കണ്ടിയിലായിരുന്നു കഞ്ചാവ് തോട്ടം.
നാലടിയോളം ഉയരത്തിലുള്ള കഞ്ചാവ് ചെടികളാണ് ഇവിടെയുണ്ടായിരുന്നത്. നാല് മുതല്‍ അഞ്ചു മാസം വരെ പ്രായമായ കഞ്ചാവ് ചെടികള്‍ക്ക് മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. അഗളി എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തോട്ട ഉടമയെ സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്.
അട്ടപ്പാടിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലും എക്‌സൈസ് നടത്തിയ പരിശോധനയില്‍ വലിയ കഞ്ചാവ് തോട്ടം കണ്ടെത്തിയിരുന്നു. മേലെ ഭൂതയാര്‍ കുള്ളാട് മലയില്‍ 450 ലധികം കഞ്ചാവ് ചെടികളാണ് കണ്ടത്തിയത്. 25 സെന്റോളം സ്ഥലത്ത് 85 തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. മൂന്ന് മാസം പ്രായമുള്ള ചെടികളാണ് പോലീസ് കണ്ടെത്തി നശിപ്പിച്ചത്.