കമ്പംമെട്ട്: കമ്പംമെട്ടില്‍ പരിശോധനാസംഘത്തെ വെട്ടിച്ച് കഞ്ചാവുമായി അതിര്‍ത്തി കടക്കാന്‍ യുവാക്കളുടെ ശ്രമം. എന്നാല്‍, കഞ്ചാവ് അടങ്ങിയ ബാഗുമായി പ്രായപൂര്‍ത്തിയാവാത്ത യുവാവ് ഓടിക്കയറിയത് കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക്. സംഭവത്തില്‍ നാലുപേരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത യുവാവിനൊപ്പം അടിമാലി ഇരുന്നൂര്‍ ഏക്കര്‍ പുത്തന്‍പുരക്കല്‍ വിനീത് (20), എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ് (18), അടിമാലി ഇസഌംനഗറില്‍ സബിര്‍ റഹ്മാന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന് മൂന്ന് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു.
കമ്പംമെട്ടില്‍ വാഹന പരിശോധന നടക്കുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ യുവാക്കള്‍ എത്തിയത്. തമിഴ്‌നാട് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച വാഹനം കേരള പൊലീസും എക്‌സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയുകയായിരുന്നു. പരിശോധനാസംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു.
വിനീതും 17 വയസുകാരനും ഓടിരക്ഷപ്പെടാന്‍ മുന്നില്‍ കണ്ട ഇടവഴിയിലൂടെ ഓടി. ഓടിക്കയറിയത് പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലേക്കായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. രണ്ടുപേരെയും കസ്റ്റഡിയിലെടുത്തപ്പോള്‍ ഇവരുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിയെത്തി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഇവര്‍ക്കുമുന്‍പേ അതിര്‍ത്തി കടന്ന സുഹൃത്തുക്കളാണ് ഫോണില്‍ വിളിച്ചതെന്ന് മനസ്സിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആദര്‍ശിനെയും സബിറിനെയും ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.